"ദേ മനുഷ്യ, നോക്ക്യേ, ഈ ആഴ്ചയിലെ സംഗമം കണ്ടോ?" ഇത്തമ്മ ഹൈ സ്പീഡില്‍ ചട-പടാന്ന് ഗോവണിപ്പടി ഇറങ്ങി വന്നു വെപ്രാളപ്പെട്ട് ചോദിച്ചു.
"ഇല്ല. എനിക്കതിനുള്ള സമയവുമില്ല. മനുഷ്യന്റെ തലയ്ക്കു തീപിടിചിരിക്കുന്ന സമയത്താ നിന്റെ ഒരു സംഗമം."
"അല്ലെങ്കിലും നിങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ക്കൊന്നും സമയമില്ലല്ലോ. കരക്കാര്യമന്ന്വേഷിക്കാല്‍ നിങ്ങള്‍ക്ക് സമയമുണ്ട്. എന്റെയോ എന്റെ കുഞ്ഞുങ്ങളുടെയോ കാര്യങ്ങള്‍ക്ക് മാത്രം നിങ്ങള്‍ക്ക് സമയമില്ല." ഇത്തമ്മ അവളുടെ പതിവു ഇരച്ചു കയറ്റത്തിന്റെ ഇഗ്നീഷന്‍ കീ തിരിക്കാന്‍ തുടങ്ങി.
സംഗതി പന്തിയല്ലെന്ന് കണ്ട ഞാന്‍ പതുക്കെ ഒന്നു ഒതുങ്ങി.
"എന്താ ഇത്തമ്മേ സംഗമത്തില്? ടുട്ടു മോന്റെയോ ടിറ്റി മോളുടെയോ ഫോട്ടോ വല്ലതും വന്നിട്ടുടോ? അന്നത്തെ ഡാന്‍സ് ന്റെയോ മറ്റോ?"
"കുന്തമാ വന്നിരിക്കുന്നത്! സാക്ഷാല്‍ നിങ്ങളുടെ കുന്തം" ഇത്തമ്മ അടങ്ങുന്ന ലക്ഷണമില്ല.
"ആ IMA യുടെ നേതാക്കളെ മണിയടിച്ചു ഒരു ഒന്നാം സമ്മാനം പോലും ടിട്ടിമോള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ? അത് പോകട്ടെ. ഈ സീറോ മലബാര്‍ പള്ളി നമ്മുടെ തന്നെ പള്ളിയല്ലേ. ഡോളര്‍ എത്ര വാരിക്കോരി കൊടുത്തതാ പള്ളി പണിക്ക് ! എന്നിട്ടെന്ത് ഫലമുണ്ടായി? അവിടെ എത്ര ഡാന്‍സ് മത്സരങ്ങള്‍ക്കാണ് ടിട്ടിമോള്‍ ചേര്‍ന്നത്! ആ ബീനയെയോ, ലിസ്സിയേയോ, കുരിയച്ചനെയോ കണ്ടു പറഞ്ഞു ഒരൊന്നാം സമ്മാനം എങ്കിലും നിങ്ങള്‍ അവള്‍ക്ക് വാങ്ങി കൊടുത്തോ. കഴിഞ്ഞ പരിപാടിക്കാണെങ്കില്‍ ആന്റണി അച്ഛനും, എന്തിനാ, ബിഷപ്പുവരെ വായും പൊളിച്ചിരുന്നാ ടിട്ടിമോളുടെ ഡാന്‍സ് കണ്ടുകൊണ്ടിരുന്നത്. ടിറ്റി മോള്‍ ശരിക്കും അടിച്ച് പൊളിച്ചെന്നു അച്ഛന്‍ എന്നോട് കണ്ണിറുമ്മിക്കൊണ്ട് ആ തന്റെടി ശാന്തി തേവിടിച്ചി കേള്‍ക്കാതെ പറഞ്ഞതും കൂടിയാ. ചാന്തിയും അവളുടെ ഒരു പുന്നാരമോളും! ഓര്‍ക്കുമ്പോള്‍ മേലാകെ തരിച്ചു കയറുന്നു."
"എന്റെ ഇത്തമ്മേ, ശാന്തിയുടെ കുഞ്ഞിനു ഒന്നാം സമ്മാനം കിട്ടി എന്നുകരുതി നീ ഇങ്ങനെ പ്രാകാതെ." "ഇതിലൊക്കെ എന്ത് കാര്യമിരിക്കുന്നു."
"എന്ത് കാര്യമിരിക്കുന്നെന്നോ ? വിവരമില്ലെങ്കില്‍ പറഞ്ഞു തരാം. അടുത്ത മല്‍സരത്തിനെ, അടുത്ത മത്സരത്തിന് അവളുടെ മോള് ഒന്നാംതരം പട്ടം കൊണ്ടു പോകും. ആനപ്പട്ടമല്ല. സാക്ഷാല്‍ കലാതിലകത്തിന്റെ പട്ടം കൊണ്ട്. അപ്പൊ പിടി കിട്ടും നിങ്ങള്‍ക്ക്!"
ഇത്തമ്മ ഫുള്‍ സ്വിങ്ങില്‍ ആണ്. അവള്‍ ശ്വാസം വിടാതെ തുടര്‍ന്നു.
"അവളുടെ കെട്ടിയവന്‍ , ആ വേട്ടവന്‍ , പള്ളിയും പട്ടക്കാരനുമായി ഒട്ടിപ്പിടിച്ചു നിന്നു അത്രയും തന്നെയെങ്കിലും നേടിയെടുത്തു. അതിനുള്ള ചുണ പോലും എന്റെ കെട്ടിയവനില്ലാതെ പോയി. എന്റേം ഈ രണ്ടു പിള്ളാരുടെയും തലേവര എന്നല്ലാതെ എന്ത് പറയാം!"
ഇതു പറയുമ്പോള്‍ ഇത്തമ്മ അവളുടെ നെഞ്ചില്‍ പിതി-പിതീന്ന് അഞ്ചാറു പ്രാവശ്യം ആഞ്ഞിടിച്ചു.
അത് കണ്ടതായി ഞാന്‍ നടിച്ചില്ല.
"അതെ. ആ തലേവര ഞാനങ്ങ് സഹിച്ചു." സഹികെട്ട ഞാന്‍ പറഞ്ഞു.
"ഇപ്പോള്‍ സംഗമത്തില്‍ എന്ത് കണ്ടതാ നിന്നെ ചൊടിപ്പിച്ചിരിക്കുന്നത്?" ഞാന്‍ ആരാഞ്ഞു.
" അതോ. അത്, ചുണയുള്ള ആമ്പിള്ളേര് ചുണ്ടന്‍ വള്ളം കൊണ്ടുവരുന്നു. വാച്ചാ ചുണ്ടന്‍ ."
"ഹോ, അത് ശരി! അത് കൊള്ളാമല്ലോ."
"വെറും ചുണ്ടനല്ല. ദേ ഇതു നോക്ക്യേ," പത്രം എന്റെ നേരെ നീട്ടിക്കൊണ്ട് ഇത്തമ്മ പറഞ്ഞു. "ഇക്കൊല്ലത്തെ പെരുന്നാളിന് ചുണ്ടനെയാണത്രെ എഴുന്നുള്ളിക്കുന്നത്! പെരുന്നാള് കഴിഞ്ഞാല്‍ ചുണ്ടന്‍ അമേരിക്ക മുഴുവന്‍ പ്രദര്‍ശനത്തിനു പോകും. അതുകഴിഞ്ഞ് അവന്‍ നമ്മുടെ പള്ളിയിലേയ്ക്ക് തന്നെ തിരിച്ചു വരും." ഇത്തമ്മ വിശദീകരിച്ചു.
" അത് ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങോട്ട് തിരിച്ചു വന്നാല്‍ ചുണ്ടന്‍ വള്ളം എവിടെ പാര്‍ക്ക് ചെയ്യും? പാര്‍ക്കിംഗ് ലോട്ടിലാണെങ്കില്‍ ബിഷപ്പിന്റെ വണ്ടി പോലും ഇടാന്‍ ഇടമില്ല. ഇടവകക്കാരുടെ കാര്യം പോകട്ടെ."
"അതോ, പറയാം" ഇത്തമ്മ സ്വരം താഴ്ത്തി പറഞ്ഞു. " എന്നോട് ജോര്‍ജ് കുട്ടിയുടെ ഭാര്യ ഫ്ലൂസി വളരെ ഗോപ്യമായി പറഞ്ഞതാ. വെറുതെ വെള്ളമടിച്ചിട്ട് ആരോടും വിളു വായടിക്കാതിരുന്നാല്‍ പറയാം."
"മനുഷ്യനെ പീഡിപ്പിക്കാതെ ഒന്നു പറഞ്ഞു മുടിക്കെന്റെ ഇത്തമ്മേ." ഞാന്‍ അക്ഷമനായി.
"എന്നാല്‍ കേട്ടോ. ചുണ്ടന്‍ നമ്മുടെ അള്‍ത്താരയില്‍ തന്നെ സ്ഥലം പിടിക്കും"
"വെറുതെ വട്ടു പറയാതെ, എന്റെ ഇത്തെ. ഇപ്പോള്‍ തന്നെ ബിഷപ്പിന്റെ സിംഹാസനത്തിന് അവിടെ ഇടം കഷ്ടിയാ."
"സിംഹാസനമോ? യൂ മീന്‍ , അവിടെ കിടക്കുന്ന ആ കസേരയോ?" ഇത്തമ്മ.
"സിംഹാസനത്തെ വെറും കസേരയാക്കാതെ, എന്റെ ഇത്തെ. അറിയാമല്ലോ. മൂപ്പിലാന് അതില്ലാതെ പറ്റില്ല. അതിടാന്‍ വേണ്ടിയാണല്ലോ ഈ കഷ്ടപ്പാടൊക്കെ മനുഷ്യര്‍ സഹിച്ചത്. ഈ പുതിയ പള്ളി തന്നെ ഉണ്ടാക്കിയത് ആ കസേര ഇടാന്‍ വേണ്ടിയായിരുന്നെന്ന് നിനക്കറിയില്ലേ, മണ്ടിപ്പെണ്ണേ? അതും ശീലയും നീക്കി എന്തുവേണമെങ്കിലും ആകാം എന്നാണു ബിഷപ്പിന്റെ നിലപാട്." എന്റെ ശുദ്ധ മനസ്കയായ ഇത്തമ്മയെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.
"ഓ എന്റെ മനുഷ്യ!! അള്‍ത്താരയില്‍ എന്ന് ഞാന്‍ പറഞ്ഞത്, നിലത്തല്ല. അത് കെട്ടിത്തൂക്കും. കര്‍ട്ടന്റെ അകത്ത്. അതായത് ശീല മാറ്റുമ്പോള്‍ ആദ്യം കാണുന്നത് ചുണ്ടന്‍വള്ളമായിരിക്കും. വാച്ചാ ചുണ്ടന്‍ !"
No comments:
Post a Comment