ചാക്കോ കളരിക്കല്‍
അറ്റ്ലാന്റ്റായിലെ ഇന്റര്‍നാഷണല്‍ കണ്വെന്ഷന്
സെന്റ്റില്വെച്ചു നടക്കാന്‍ പോകുന്ന അമേരിക്കന്‍ സീറോ-മലബാര്‍ കണ്‍വെന്‍ഷന്റെ
പ്രവര്‍ത്തകര്‍ പുറത്തുവിട്ട ഹ്രസ്വ പ്രസ്താവനയും കാര്യപരിപാടിയും
അതിന്റെ (program) വീഡിയോ ക്ലിപ്പും കാണുവാനിടയായി.
(പ്രസ്തുത വീഡിയോ കാണുവാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക)
വന്‍ സന്നാഹങ്ങളോടെ ഒരുങ്ങുന്ന കണ്‍വെന്‍ഷനിലേക്ക്
അഭിവന്ദ്യ തിരുമേനിമാര്, കേരള രാഷ്ട്രീയ നേതാക്കന്മാര്, മന്ത്രിമാര്‍, അമേരിക്കയിലെയും കേരളത്തിലെയും മത-സാമൂഹിക നേതാക്കന്മാര് മുതല്പേര്
പങ്കെടുക്കുന്നതായും വാര്‍ത്താ വിനിമയങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും അനേക വെബ്പേജുകളിലുംപ്രസിദ്ധികരിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രമായ സീറോ-മലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ
പള്ളികളും ഒത്തൊരുമിച്ചുള്ള സംയുക്ത സംരഭമാണ് ഈ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങളില്‍ ഉടനീളം
പ്രതിഫലിച്ചു കാണുന്നതും.
സീറോ-മലബാര്‍
സഭയുടെ ശ്രേഷ്ഠ മെത്രാപോലീത്തായായ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും
ചിക്കാഗോ രൂപതാ മെത്രാന് മാര്‍ അങ്ങാടിയത്തും വികാരി ജനറാള്‍ ഫാദര്‍
ആന്റണി
തുണ്ടത്തിലും മറ്റു സഭാനേതാക്കന്മാരും ഒത്തൊരുമിച്ചു അമേരിക്കന്‍ ഐക്യ
നാടുകളിലും
കാനഡായിലും വസിക്കുന്ന സീറോ മലബാര്‍ വിശ്വാസികളെയും അവരുടെ മക്കളെയും യുവ
തലമുറയെയും കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ
ആദികാല
കുടിയേറ്റക്കാരില്‍ ഒരാളും കേരള കത്തോലിക്കാ സംഘടനകളുമായി അനേകകാല
പരിചയമുള്ള ഒരു വ്യക്തിയെന്ന നിലയില്‍ അറ്റ്ലാന്റാ കണ്‍വെന്‍ഷനില്‍
നടക്കാന്‍ പോകുന്ന ചില കാര്യങ്ങള്‍ ഈ അവസരത്തില്‍ അല്മായ ശബ്ദം
വായനക്കാരുടെ
ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നു.
അമേരിക്കന്‍ സീറോ-മലബാര്‍ പള്ളികളുടെ ആരംഭകാല
പ്രവര്‍ത്തനങ്ങളെയും ആദ്യകാല പ്രവര്‍ത്തകരെയും ഷിക്കാഗോ രൂപതയുടെ ഉദയത്തെയും
അനുബന്ധിച്ചുള്ള ചരിത്രസത്യങ്ങള്‍ ഒന്നു പരിശോധിക്കട്ടെ . സീറോ മലബാര്‍ സഭയുടെ
ആദ്യത്തെ ചരിത്ര കണ്വെന്ഷന് ഡോ. ജെയിംസ് കുറിച്ചിയുടെ നേതൃത്വത്തില്‍ അനേക അല്മായരുടെ
പരിശ്രമഫലമായി 1999 ആഗസറ്റ് 13-15 തിയതികളില്‍ ഫിലാഡെല്ഫിയായില് വെച്ചു നടത്തപ്പെട്ടു. ചരിത്രത്തിന്റെ
ചവിട്ടുപടിയായി അന്നു അരങ്ങേറിയ സീറോ-മലബാര്‍ കണ്വെന്ഷന് ആദ്യസംരംഭം എന്ന
നിലയില്‍ ഒരു വന്‍വിജയമായിരുന്നു.
അന്നത്തെ പ്രവര്‍ത്തകരുടെ രാപകലില്ലാത്ത അക്ഷീണ
പരിശ്രമഫലമായി രൂപം കൊണ്ട കണ്‍വെന്‍ഷനില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍
നിന്നായി ഏകദേശം മുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു. അഭിമാനപൂര്‍വ്വം അമേരിക്കന്‍
മലയാളി കത്തോലിക്കര്‍ കാഴ്ച വെച്ച ആ കണ്‍വെന്‍ഷനില്‍ അന്നത്തെ ശ്രേഷ്ഠ മെത്രാപോലീത്താ
കര്‍ദിനാള്‍ വിതയത്തിലും അമേരിക്കന്‍ കത്തോലിക്കരുടെ ആത്മീയ ചുമതലകള്‍
വഹിച്ചിരുന്ന മാര്‍ കരോട്ടംബ്രേലും ഇന്നത്തെ ശ്രേഷ്ഠ മെത്രാപോലീത്താ കര്‍ദ്ദിനാള്‍
ആലഞ്ചേരിയും ഷിക്കാഗോ രൂപതാ അധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തും സന്നിഹിതരായിരുന്നു.
അന്നു കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിച്ചവരും
പങ്കെടുത്തവരും അനേക കുടുംബങ്ങളുമൊത്തു പില്ക്കാലത്ത് സീറോ മലബാര്‍ കാത്തലിക്ക്
കോണ്‍ഗ്രസ് (SMCC) എന്ന ഒരു സംഘടന രൂപവല്‍ക്കരിച്ചു. കൂടാതെ
അമേരിക്കയില്‍ ഒരു സീറോ മലബാര്‍ രൂപതാ സ്ഥാപിതമാകണമെന്നുള്ള ആഗ്രഹങ്ങള്‍
പ്രകടിപ്പിക്കുകയും രൂപതാ സ്ഥാപനത്തിന്റെ ആവശ്യകതയെപ്പറ്റി മാര്‍ കരോട്ടംബ്രേലിനോട്
അഭ്യര്‍ഥിക്കുകയും ചെയ്തു.
ചരിത്രം മാപ്പു കൊടുക്കാത്ത വിധം ഇങ്ങനെ ഒരു സ്വപ്ന
സാഷാത്ക്കാരത്തിനായി പ്രവര്‍ത്തിച്ചവരെ പുറം വാതില്‍ക്കൂടി
തള്ളി കളഞ്ഞു പുരോഹിതവര്ഗം പിന്നീട് ഇവര്‍ക്കെതിരെ ഒരു വലയം സൃഷ്ടിക്കുകയായിരുന്നു.
തങ്ങള്‍ അപമാനിതരാകുമെന്നും സ്വന്തം തലകള്‍ പുരോഹിത കഷങ്ങളില്‍ അമര്ത്തപ്പെടുമെന്നും
അന്നത്തെ പ്രവര്‍ത്തകര്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചില്ല. ഇതിലെ പ്രവര്‍ത്തകരുടെ
ചിരകാല സ്വപ്നമായിരുന്ന ഷിക്കാഗോ രൂപതാ 2001-ല്‍ സ്ഥാപിതമായി.
പിന്നീട് 2001 ജൂലൈ 1-3 തിയതികളില്‍ ഷിക്കാഗോയില്‍ വെച്ച് SMCC യുടെ ഷിക്കാഗോ ചാപ്റ്റര്‍ ചെയര്‍മാനായിരുന്ന പരേതനായ ഡോ. ഉമ്മന്‍ ജോസഫിന്റെ
നേതൃത്വത്തില്‍ രണ്ടാമത്തെ കണ്വെന്ഷന് ഷിക്കാഗോയില്‍ വെച്ചു നടത്തുകയുണ്ടായി. ആ
നാളുകളില്‍ ആയിരുന്നു ഷിക്കാഗോ രൂപതാ നിലവില്‍വന്നതും രൂപതയുടെ പ്രഥമ മെത്രാനായി
മാര്‍ അങ്ങാടിയത്തിന്റെ പട്ടാഭിഷേകവും സ്ഥാനാരോഹണം നടത്തിയതും.
എന്നാല്‍ രൂപതയുടെ ആവിര്‍ഭാവത്തോടെ അല്മായരാല്
നടത്തപ്പെട്ടു പോന്നിരുന്ന SMCC സംഘടനക്കു കണ്‍വെന്‍ഷനുകള്‍
തുടര്‍ന്നു നടത്തികൊണ്ടു പോകുവാന്‍ സാധ്യത ഇല്ലാതെ തടസ്സങ്ങള്‍ നേരിട്ടു. മാത്രവുമല്ല
ഇങ്ങനെ ഒരു രൂപതയ്ക്ക് അടിസ്ഥാനമിട്ട അല്മായരുടെ SMCC സംഘടനയെ രൂപതാ അടിസ്ഥാനത്തില്‍ നിര്‍വീര്യമാക്കി. പുരോഹിതരുടെ കറുത്ത കൈകള്‍
ആദികാല പ്രവര്‍ത്തകരുടെ അര്‍പ്പിത സേവനങ്ങളെ കറിവേപ്പിലപോലെ കാറ്റില്പറപ്പിച്ചു
അധികാരം മുഴുവനായി പിടിച്ചെടുത്തു. അങ്ങനെ അല്മേനികളെ തങ്ങളുടെ വരുതിയിലുമാക്കി.
2003-ല്‍ ഒരു സീറോ മലബാര്‍ കണ്വെന്ഷന് രൂപതാ
അടിസ്ഥാനത്തില്‍ ന്യൂജേഴ്സിയില്വെച്ചു
ആഘോഷിക്കുകയുണ്ടായി. അത് പുരോഹിതര്‍ സംഘടിപ്പിച്ച ആദ്യത്തെ അല്മായ കണ്‍വെന്‍ഷനും
ആയിരുന്നു. യഥാര്‍ഥത്തില്‍ ഇതു അലമായരുടെ
മൂന്നാമത്തെ കണ്വെന്ഷനാനണെന്നുള്ള സത്യം പണ്ഡിത വേഷധാരികളായ പുരോഹിതരും മനസാക്ഷി
നശിച്ച ഷിക്കാഗോ രൂപതയും മറച്ചു
വെച്ചുകൊണ്ട് ഒന്നാം സീറോമലബാര്‍ കണ്വെന്ഷന് ആക്കി.
ചരിത്രത്തിന്റെ ഭാഗമായ മലയാളി അല്മേനികളുടെ SMCC
യെ എന്തുകൊണ്ടു ഷിക്കാഗോ അധികൃതര്‍ നിരുപാധികം തഴഞ്ഞുവെന്നു
അഭിവന്ദ്യ അങ്ങാടിയത്ത് തിരുമേനിക്ക് ഒന്നു വ്യക്തമാക്കാമോ? അതിനു പ്രധാനമായി രണ്ടു കാരണങ്ങള്‍ ചൂണ്ടികാണിക്കാം. അല്മായ സംഘടനകളെ തകര്ക്കുകയെന്നുള്ള
വൈദികരുടെ നിര്‍ബന്ധ ബുദ്ധിയാണ് ഒന്നാമത്തെ കാരണം. അല്മായ നേതൃത്വത്തില്‍
പുരോഹിതര്‍ക്ക് പരിഭ്രാന്തിയും സ്വാഭിമാനവും നഷ്ടപ്പെടുമെന്നും എന്തോ
കുറവുണ്ടാകുമെന്നും അവര്‍ തെറ്റി ധരിക്കുന്നു. പുരോഹിതരെ സംബന്ധിച്ചിടത്തോളം
അല്മായരില് അധികാരം ചോരുന്നത് സഹിക്കുവാനും സാധിക്കുന്നില്ല.
വൈദിക മേലാളന്മാരുടെ കിരാത വ്യവസ്ഥിതിയില്‍
അല്മെനികള്‍ എന്നും അടിമകളായി കഴിയുന്നതാണ് പുരോഹിതര്‍ക്കു താല്‍പ്പര്യം.
അല്മെനികളെ വൈദികര്‍ക്കു ഒരിക്കലും വിശ്വാസമില്ല. സദാ അല്മേനിയുടെമേല് സംശയവും.
രണ്ടാമത്തെ കാരണം മാമ്മോന് പുരോഹിതനെ മത്തു പിടിപ്പിക്കുന്നതാണ്. ധനത്തിനുള്ള
അത്യാഗ്രഹം പുരോഹിത ലോകത്തെ അധപതിപ്പിച്ചിരിക്കുന്നു. SMCC യുടെ നേതൃത്വത്തില്‍ കണ്വെന്ഷന് നടത്തിയാല്‍ അതില്‍നിന്നു ലഭിക്കുന്ന
വരുമാനം രൂപതയ്ക്ക് നഷ്ടപ്പെടുമെന്നും ഭീതിയുണ്ട്. SMCC ക്ക് കണ്‍വെന്‍ഷനില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം മതി ബാക്കിയുള്ളത് രൂപതയ്ക്കു മുഴുവനായി എടുക്കാമെന്നും SMCC ഭാരവാഹികള്‍ രൂപതാ അധികാരികളെ അറിയിച്ചിരുന്നു. എന്നാല്‍ സ്വാര്‍ത്ഥ താല്പര്യക്കാരായ
രൂപതാ അധികാരികള്‍ കണ്‍വെന്‍ഷനുകള്‍ നല്ല വരുമാന മാര്‍ഗമായി കാണുകയും SMCC യെ മാറ്റി നിര്‍ത്തി രൂപതാ അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷനുകള്‍ പുരോഹിതര്‍ക്ക്
പാട്ടുപാടുന്ന അല്മായരുടെ ചുമതലകളില്‍ ആരംഭിക്കുകയും ചെയ്തു.
2004 വര്‍ഷത്തില്‍ SMCC ന്യൂ യോര്‍ക്കില്‍വെച്ച് മൂന്നാമത്തെ സീറോ മലബാര്‍ രൂപതാ കണ്വെന്ഷന്
സംഘടിപ്പിച്ചു. എന്നാല്‍ 2005-ല്‍ രൂപതാ
അടിസ്ഥാനത്തില്‍ മറ്റൊരു കണ്വെന്ഷന് വരുന്നുവെന്ന് പള്ളികളില്‍ വിളിച്ചു പറഞ്ഞ്
കണ്‍വെന്‍ഷനില്‍ സംബന്ധിക്കുവാന്‍ ഇരുന്ന കുടുംബങ്ങളെയും സംബന്ധിക്കുന്നതിനെയും
നിരുത്സാഹപ്പെടുത്തി. അങ്ങനെ SMCC നടത്തുവാന്‍ ഇരുന്ന
കണ്‍വെന്‍ഷനു തുരങ്കം വെച്ചു. ഷിക്കാഗോ രൂപതയുടെ പ്രചാരണ തന്ത്രങ്ങളില്‍ SMCC
യുടെ കണ്വെന്ഷന് പരാജയപ്പെടുകയും ചെയ്തു. 2009-ല്‍ SMCC യുടെ പത്താം വാര്‍ഷികം ഫിലാഡല്ഫിയയില്വെച്ചു നടത്തുകയുണ്ടായി. എങ്കിലും
ഷിക്കാഗോ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ എല്ലാം അന്നേ ദിവസം ഓരോരോ പ്രത്യേക
പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വളരെ ചുരുക്കം കുടുംബങ്ങള്‍ മാത്രമേ ആ കണ്‍വെന്‍ഷനില്‍
പങ്കെടുത്തുള്ളൂ. ആഗോള കത്തോലിക്കാസഭയില്‍ കാണുന്ന അല്മേനികളോടുള്ള സഭാധികാരികളുടെ
അവഗണനകള്‍ അങ്ങാടിയത്തിന്റെ ഷിക്കാഗോ രൂപതവരെ പ്രതിഫലിക്കുന്നതും SMCC സംഘടനയെ നിര്വീര്യം ആക്കിയതില്‍ക്കൂടി വ്യക്തമാണ്.
രൂപതയുടെ സ്ഥാപനം മുതല്‍ രൂപത നടത്തിപ്പിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി
അമേരിക്കന്‍ മലയാളികള്‍ അകമഴിഞ്ഞ് രൂപതയെ സഹായിച്ചിട്ടുണ്ട്. അനുസരണയും പ്രാര്‍ഥനയും
പണം കൊടുക്കലും അല്മേനിക്ക് മാത്രമുള്ളതാണ്. പണം ശേഖരിക്കുവാനും കൈകാര്യം
ചെയ്യുവാനും പിന്നെ നേതൃത്വവും പുരോഹിതനു മാത്രം. അല്മേനിക്ക് പള്ളി കൃഷിയില്‍ പണം
നിഷേപിക്കാം. മുതലും പലിശയും പള്ളിക്കും. ഇവര്‍ക്ക് സ്തുതി പാടുവാനും ധൂപക്കുറ്റി
വീശുവാനും സ്ഥിരം അള്‍ത്താരയെ പറ്റിപ്പിടിച്ചു ജീവിച്ചുപഠിച്ച കുറെ പുണ്യ
ആത്മാക്കളും പള്ളിക്കു ചുറ്റുമുണ്ട്. ഇപ്പോള്‍ ഇവരാണു അറ്റ്ലാന്റാ കണ്വെന്ഷന്
ഭാരവാഹികളും.
അറ്റ്ലാന്റാ കണ്‍വെന്‍ഷന്റെ ഉദ്ദേശങ്ങളെപ്പറ്റി ഫാ.
തുണ്ടത്തില്‍ പറഞ്ഞത് മാര്‍ത്തോമ്മാ അപ്പസ്തോലന്റെ "വിശ്വാസം, പാരമ്പര്യം, മൂല്യം" അടങ്ങിയ കാര്യങ്ങള്‍ വിശ്വാസികളില്‍
വര്‍ദ്ധിപ്പിക്കുകയെന്നതാണ്. മാര്‍ത്തോമ്മായുടെ വരവിനെപ്പറ്റി ഇങ്ങനെ അബദ്ധങ്ങള്‍
പഠിപ്പിക്കുന്ന തുണ്ടത്തിലിനെപ്പോലുള്ളവരും കണ്‍വെന്‍ഷന്റെ തലപ്പത്തുണ്ട്.
ചരിത്രത്തെ വികൃതമാക്കി അമേരിക്കയില്‍ വളരുന്ന കുഞ്ഞുങ്ങളെപ്പോലും ഇവര്‍ തെറ്റായ
ചരിത്രം പഠിപ്പിക്കുകയാണ്.
തോമായുടെ പാരമ്പര്യം തോമായുടെ മാര്‍ഗവും വഴിപാടും
ആണ്. 1991ലെ പൌരസ്ത്യ കാനോന്‍ നിയമപ്രകാരം അതു കേരളത്തിലെ സീറോ
മലബാര്‍ സഭയ്ക്ക് ഇല്ലാതെയുമായി. വഴിപാടുകള്‍ ഭക്ഷിക്കുവാന്‍ ക്ലാവര്‍ കുരിശും
വടികളുമേന്തി അഭിവന്ദ്യ തിരുമേനിമാരും, കതിനാകുറ്റി,
ധുപക്കുറ്റി പിടിക്കുന്നവരും തൊട്ടുപിന്നില്‍ വെറുംജോലി
ചെയ്തു ക്ഷീണിതരായ അല്മായ തേനീച്ചകളും ഉണ്ട്. പിന്നെ ഫാ. തുണ്ടത്തില്‍
ഉദ്ദേശിക്കുന്നത് അല്മേനികളുടെ എതിര്‍പ്പിനെ അവഗണിച്ചു മെത്രാന്റെ ശ്ലൈഹികബലം
ഉപയോഗിച്ചു ഏകപക്ഷീയമായി ക്ലാവര്‍കുരിശും വിരിയും തൂക്കുന്നതാണോ? കുരിശിന്റെയും ശീലയുടെയും പേരില്‍ കുടുംബങ്ങളെ തമ്മില്‍ പരസ്പരം തല്ലിച്ചു
സമാധാനം ആയി ജീവിച്ചിരുന്ന കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നതാണോ?
തൂങ്ങപ്പെട്ട രൂപം കിടക്കുന്ന അള്‍ത്താരയുടെ മുമ്പില്‍
ഫാ. തുണ്ടത്തില്‍ വീഡിയോയില്‍ സംസാരിക്കുന്നത് ഒന്നു ശ്രദ്ധിക്കൂ? ഇവരാണോ കോപ്പന്
പള്ളിയിലും ഗാര്ലാണ്ട് പള്ളിയിലും ക്ലാവര്‍കുരിശും ശീലയും തൂക്കണമെന്നു നിര്‍ബന്ധം
പിടിച്ചവര്‍. ഇവര്‍ എന്തുകൊണ്ടു തെക്കുംഭാഗരുടെ (ക്നാനയ കത്തോലിക്കരുടെ) പള്ളികളില്‍
തൂങ്ങപ്പെട്ട രൂപം വെക്കുവാന്‍ അനുവദിക്കുന്നു? എന്താ വടക്കുംഭാഗക്കാര്‍ രണ്ടാം
കെട്ടിലെ മക്കളാണോ? മെത്രാനായാല്‍ ക്ലാവര്‍കുരിശും വടിയും പിടിച്ചു
നടന്നാല്‍ പോരാ, കുറച്ചു കൂടി വിവരവും തത്വദീക്ഷകളൊക്കെയുംവേണം.
ഇല്ലെങ്കില്‍ സഭയ്ക്കുതന്നെ ഇവര്‍ അപമാനമായിരിക്കും.
അല്മേനികള്ക്ക് കൂദാശ സംബന്ധിച്ച കാര്യങ്ങള്‍ക്കു,
പ്രത്യേകിച്ചു മക്കളുടെ വിവാഹം വരുന്ന സമയങ്ങളില്‍
മെത്രാന്റെയും പുരോഹിതരുടെയും കാലുകള്‍ പിടിക്കേണ്ട ദയനീയ സ്ഥിതിയാണ്
കാലാകാലങ്ങളായി സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലുള്ളത്. അല്ലെങ്കില്‍ കെട്ടു
കണക്കിനു പണം പുരോഹിതന്റെ കീശയില്‍ എത്തിക്കണം.
സമാധാനമായി ജീവിച്ചിരുന്ന അമേരിക്കന്‍ പ്രവാസികളില്‍
ഷിക്കാഗോയിലെ സീറോ മലബാര്‍ രൂപതാധികാരികള്‍ പലവിധ പ്രാചീന പരിഷ്കാരങ്ങള്‍
കൊണ്ടുവന്ന് ചിന്താക്കുഴപ്പത്തില്‍ എത്തിച്ചിരിക്കുകയാണ്. അമേരിക്കയില്‍
എഴുപതുകളിലും എണ്‍പതുകളിലും കുടിയേറിയ പ്രവാസികള്‍ തങ്ങളുടെ അദ്ധ്യാത്മിക
ആവശ്യങ്ങള്‍ക്കായി ലത്തീന്‍ രൂപതകളെ ആശ്രയിച്ചിരുന്നു. അവരുടെ മക്കള്‍ക്ക്
ലത്തീന്‍ ആചാരപ്രകാരം മാമോദീസാ, വിവാഹം മുതലായ
ചടങ്ങുകള്‍ നിര്‍വഹിക്കുകയും ചെയ്തു. എങ്കിലും അവരുടെ വിയര്‍പ്പുഫലം ആയി നിര്‍മ്മിച്ച
പള്ളികളും ഹാളുകളും ഇപ്പോള്‍ മെത്രാന്റെ അധീനതയിലും ആയി. അവരുടെ അദ്ധ്വാന ഫലം
അനുഭവിക്കുന്നത് പുതിയ കുടിയേറ്റക്കാരാണ്. അടുത്ത കാലത്തായി നൂറു കണക്കിന് പുതിയ
വിശ്വാസികള്‍ പള്ളി നിറച്ചും കാണാം. ഇതാണു സീറോ മലബാര്‍ സഭയുടെ ഇന്നത്തെ സ്ഥിതി.
അമേരിക്കയിലെ സീറോ മലബാര്‍ രൂപതകൊണ്ട് എന്തു
നേട്ടമാണുള്ളത്? യഥാര്‍ഥത്തില്‍ സ്ഥാപിത സഭക്ക് വന്‍നേട്ടം ഉണ്ടായി.
പുതിയ ഒരു മെത്രാന്, മെത്രാന്റെ അരമന, ഒന്‍പതു മില്യന്‍ മുടക്കി പണി കഴിപ്പിച്ച ഒരു വന്‍ കത്തീദ്രല്‍പള്ളി, അനേകം വൈദികര്‍ക്കു അമേരിക്കയില്‍ കടക്കുവാനുള്ള അവസരം. വിളവുകള്‍
കുറവെങ്കിലും കൊയ്ത്തുകാരോ അനേകര്‍, വന്‍തുകകള്‍
സമ്പാദിക്കുവാന്‍ വൈദികര്‍ക്കു കിട്ടുന്ന സുവര്‍ണ്ണാവസരം. എന്നാല്‍ സഭയുടെ
ദൈവമക്കളായ അല്മേനികള് പുരോഹിത മേല്‍ക്കോയ്മ മൂലം മാനസികമായ പീഡനവും അധഃപതനവും
എന്നും ഏറ്റുവാങ്ങി.
ഇതിന്റെ പരിണിതഫലമായി കുടുംബങ്ങള്‍ തമ്മിലും
ക്ലാവര്‍ കുരിശും വിരിയും പ്രശ്നങ്ങളാക്കി എന്നും കലഹത്തിലും. ഇതിന്റെയിടയില്‍
പക്ഷം പിടിക്കുവാന്‍ ഒരു പുരോഹിതനും കാണും. കുടുംബങ്ങള്‍ തമ്മില്‍ സമാധാനം
സൃഷ്ടിക്കുന്നതിനു പകരം തമ്മില്‍ വിഭജിപ്പിച്ചു. അതിന്റെ ഫലം കൊയ്തെടുക്കുവാന്‍ രൂപതയും ശ്രമിക്കുന്നു.
അടുത്ത കാലത്ത് സഹികെട്ട മലയാളി കുടുംബങ്ങള്‍ സീറോ മലബാര്‍ പള്ളികളില്‍നിന്നും
ലത്തീന്‍ രൂപതയിലേക്ക് ചേക്കേറി. രൂപതയായി രൂപതയുടെ പാടായിയെന്നു ചിന്തിച്ചു പള്ളി
രാഷ്ട്രീയത്തില്‍നിന്നും ഒഴിഞ്ഞു മാറി സമാധാനമായി ചിലര്‍ ജീവിക്കുന്നു.
അല്മായനേതൃത്വത്തെ നശിപ്പിച്ചു പല
നേതാക്കന്മാരെയും പുരോഹിത ഗുരുക്കള്‍ നല്ല അനുസരണയുള്ള കുഞ്ഞാടുകളും ആക്കി. നിര്‍ഗുണരും
നിര്‍ദോഷികളും ആയ കുഞ്ഞാടുകള്‍ ഇന്ന് കണ്‍വഷന്റെ നേതൃത്വം അലങ്കരിക്കുന്നു. അവരുടെ
മക്കളെ ഒന്നു സ്റ്റേജിലും കര്‍ദ്ദിനാള്‍ മെത്രാന്മാര്‍ക്കൊപ്പം ഫോട്ടോയിലും പോസ്
ചെയ്തു കഴിഞ്ഞാല്‍ സ്വര്‍ഗം കിട്ടിയ സായൂജ്യവും അച്ചന്മാരുടെ നല്ലവരായ ഈ പ്രവര്‍ത്തകര്‍ക്ക്
ലഭിക്കും. തേനീച്ചകളെപോലെ പണിയും എടുത്തുകൊള്ളും. തേന്‍ കുടിക്കുന്നതു ബിഷപ്പും
അച്ചന്മാരും.
മെത്രാനും അച്ചന്മാരും തേനിച്ചകള്‍ക്ക് സമയാസമയങ്ങളില്‍
വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി കണ്‍വഷനെ നിയന്ത്രിച്ചാല്‍ മതി. ഇവരുടെ പിന്നാലെ
സഞ്ചരിക്കുന്ന അല്മെനികള്‍ മൂഢസ്വര്‍ഗത്തില്‍ തന്നെ. പുരോഹിത വലയത്തില്‍ നാളെ
ചതിക്കപ്പെടുമെന്നും ഇവര്‍ അറിയുന്നില്ല. ഇവരുടെ മക്കളെ തോമ്മാ സ്ലീഹാക്ക് അടിമ
വെച്ചിട്ടും പൈതൃകത്വം പഠിപ്പിച്ചിട്ടും ഒരെറ്റ എണ്ണം പോലും സീറോ മലബാര്‍ പള്ളിയിലേക്കു
തിരിഞ്ഞു നോക്കുന്നില്ല. അങ്ങാടിയത്ത് പിതാവും പുരോഹിതരും ഏകദേശം ഒരു പതിറ്റാണ്ട്
ശ്രമിച്ചിട്ടും ഒരു മനുഷ്യനെയെങ്കിലും പുതിയതായി ക്രിസ്ത്യാനിയും ആക്കുവാന്
സാധിച്ചിട്ടില്ല.
3 comments:
Good Article...
All these problems were started by Dr. Kuruchi. He was the main culprit to start working for a Bishop for USA. This is what called "veliyil irikuna sadanam vendatha salathu iduthu vacha thu.....".
We could have lived peacefully without a bishop.
Now enjoy the Syro Malabar Club.
അറ്റലാന്റാ കണ്വന്ഷന് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍.
ഇതിലുളള ചിഹ്നം ക്ലാവറല്ല, പേ൪ഷൃനല്ല താമരയല്ല, മാണിക്കനല്ല. സക്രാരി നടുവിലും ഒരു വശത്ത് തോമാസ്ലീഹയും മറ്റേ വശത്ത് അല്ഫോ൯സമ്മയുമാണല്ലോ. എന്തു പറ്റി കല്‍ദായ മാഫിയകള്‍ക്ക്.
അറ്റലാന്റാ: കണ്വന്ഷന് ഏതാനും ദിവസങ്ങള്‍ മാത്രംബാക്കി നില്‍ക്കെ കണ്വന്ഷന് ഏറ്റവും ഭംഗിയോടെയും കുറ്റമറ്റ രീതിയിലും നടത്തുന്നതിനായി വിപുലമായ നാജണല് കമ്മറ്റി രപവര്ത്തിച്ചു വരുന്നു. അതോടെപ്പം 151 അംഗ കണ്‍വന്‍ഷന്റെ വിജയത്തിനായി ചെയര്മാന് ഏബ്രഹാം അഗസ്തിയുടേയും പ്രസിഡന്റ് മാത്യു തോട്ടുമാരിയുടേയും നേതൃത്വത്തില്‍ പ്രയത്നിച്ചു വരുന്നു.
അല്‍ഫോന്‍സാ നഗരി എന്ന പേരിലുള്ള ജോര്‍ജിയ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍ കേരളത്തനിമയിലും സീറോ മലബാര്‍ പാരമ്പര്യവും അനുസരിച്ച് സജ്ജമാക്കുന്നതിനുള്ള എല്ലാക്രമീകരണങ്ങളും ആരംഭിച്ചുകഴിഞ്ഞു. വിശിഷ്ടാതിഥികളെ എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിക്കുവാനുള്ള ക്രമീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ കണ്വന്ഷന് സെന്ററില്‍ ചെക്ക്ഇന്‍ ചെയ്യാനുള്ള എല്ലാസംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്കാനിങ് സംവിധാനത്തിലൂടെ ചെക്ക്ഇന്‍ ചെയ്യുകവഴി വളരെയധികം സമയം ലാഭിക്കാമെന്നും ക്യുവില്‍ അധികനേരം നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും ഭാരവാഹികള്‍ അറിയിക്കുന്നു.
നാലു ദിനരാത്രങ്ങള്‍ നീണ്ടു നില്ക്കുന്ന സീമോ മലബാര്‍ സംഗമത്തില്‍ ദിവ്യബലി,അധ്യാത്മിക പ്രഭാഷണങ്ങള്ം വചന പ്രഘോഷണങ്ങള്‍, സാമൂഹിക സാംസ്കാരിക സമ്മേളനങ്ങള്‍, വിവധ ഫോറങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഘോഷയാത്രയില്‍ അതിന്റെ മാറ്റുകൂട്ടുന്നതിനായി പോള്‍ വെള്ളരിങ്ങാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ചെണ്ടമേളവും ഒരുക്കിയിട്ടുണ്ട്. താലപ്പൊലിയ്ക്കായി ബെറ്റ്സി അഗസ്റ്റിന് മേല്‍നോട്ടം വഹിക്കുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് വൈദ്യസഹായം നല്‍കാനായി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട് ലൈന്‍ കണ്വന്ഷന് സെന്ററില്‍ ഉണ്ടായിരിക്കുന്നതാണ്.
കലാസന്ധ്യയില്‍ റിമി ടോമി, വിവേകാനന്ദന്, പ്രദീപ് ബാബു എന്നിവരുടെ സ്റ്റേജ് ഷോയും ഫാ. പൂവത്തിങ്കലിന്റെ സംഗീത സന്ധ്യയും അമേരിക്കന്‍ ഗായകരായ മറ്റ്മറിന്റെ സംഗീത പരിപാടിയും പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും ഫാ.മാത്യു ഇലവുങ്കലന്റെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും. കൂടാതെ ഫാ. ഏബ്രഹാം വെട്ടുവേലി, പ്രെവിന്‍ഷ്യല്‍ എം.എസ്.എഫ്.എസ് നടത്തുന്ന വചന ശുശ്രൂഷയും യുവജനങ്ങള്‍ക്കായി ക്രിസ്റ്റഫര്‍ വെസ്റ്റ്, മാരിയോ മാര്ട്ടിന് എന്നിവരുടെ പ്രഘോഷണങ്ങളും കണ്വന്ഷന് ദിവസങ്ങളില്‍ ഉണ്ടായിരിക്കും.
അമേരിക്കന്‍ മണ്ണിലെ ഇളം തലമുറയില്‍ പ്രതിഭകളുടെ പ്രകടനവും ഉണ്ടായിരിക്കും. രജിസ്ട്രേഷന് ഇപ്പോഴും തുടരുകയാണ്.
സക്രാരി നടുവിലും
ഒരു വശത്ത് തോമാസ്ലീഹയും
മറ്റേ വശത്ത് അല്ഫോ൯സമ്മയുമാണല്ലോ.
we don't want know about Jesus crucifixion and death....
who is Jesus anyway?
mar Thoma and Alphonsamma are better and bigger than Jesus...
our church belongs to kaldaya Powethil patriarch only
Post a Comment