Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 10, 2012

അച്ചന്മാരെ തോല്‍പ്പിച്ച പോത്തച്ചന്‍ 

-സെബി അതിരമ്പുഴ

പുരോഹിതരാല്‍ കബളിപ്പിക്കപ്പെട്ടു വഴിയാധാരമായ അറക്കല്‍ തോമസ്‌-മോനിക്ക ദമ്പതിമാര്‍ നീതിക്കായി പടപൊരുതിക്കൊണ്ടിരിക്കുന്നതായി മാധ്യമങ്ങളില്‍ വായിച്ചു. ഇതിനു സമാനമായ ഒന്ന് ഏതാണ്ട് മുപ്പതു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്  കോട്ടയം മാന്നാനത്തു അരങ്ങേറി. 
ഒരു സന്ന്യാസാശ്രമത്തിനു ഇഷ്ടദാനമായി ഒരു ഭക്തന്‍ എഴുതിക്കൊടുത്ത അഞ്ചേക്കര്‍ ഭൂമി,  25 വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം ഇന്ത്യന്‍ സുപ്രീം കോടതി അദ്ദേഹത്തിന്‍റെ അനന്തരവര്‍ക്ക് തിരിച്ചു കൊടുക്കുവാന്‍ ഉത്തരവിട്ടു. കത്തോലിക്കാ സഭക്കെതിരെ ഒരത്മായന്‍ നേടിയ ഒരപൂര്‍വ വിജയമായിരുന്നു ഇത്. മോനിക്കാ - തോമസ്‌ ദമ്പതിമാര്‍ക്ക് ഇതൊരു പ്രചോതനമാകട്ടെ.

ഏക മകനായതിനാല്‍ പുരോഹിതന്‍ ആകണമെന്ന ആഗ്രഹം മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ ബലി കഴിക്കേണ്ടിവന്നു  മാന്നാനം തയ്യില്‍ പോത്തച്ചന് . എങ്കിലും ബ്രഹ്മചര്യം ഒരു വിളിയായി പരിഗണിച്ചു അവിവാഹിതനായി അദ്ദേഹം ജീവിച്ചു. മാതാപിതാക്കളുടെ കാലശേഷം ലൌകീക സുഖങ്ങള്‍ ഉപേക്ഷിച്ചു ഏതെങ്കിലും സന്ന്യസ്തരോടൊത്തു ആത്മീയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പ്രാര്‍ത്ഥനാ ജീവിതം നയിച്ച്‌ ജീവിച്ചു മരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ശിഷ്ടായുസ്സ്  മുഴുവന്‍ തങ്ങളുടെ ആശ്രമത്തില്‍ അത്മായ അന്തസ്സില്‍ ആണെങ്കിലും പൂര്‍ണമായ ആത്മീയ ജീവിതം കഴിക്കാം എന്ന പരസ്പരധാരണയില്‍ കാരിത്താസ് ആശുപത്രിക്കടുത്തുള്ള അഞ്ചേക്കറോളം വരുന്ന  കുടുംബസ്വത്ത് മുഴുവന്‍ അദ്ദേഹം ഒരു സന്ന്യാസ സഭക്ക് ഇഷ്ടദാനം എഴുതിക്കൊടുത്തു. ലൌകിക ജീവിതം  ഉപേക്ഷിച്ചു അദ്ദേഹം അവരോടൊപ്പം ജീവിക്കുവാനും തുടങ്ങി.

താമസംവിനാ തന്നെ  പോത്തച്ഛനും ആശ്രമാധികാരികളുമായുള്ള ബന്ധത്തില്‍ കല്ലുകടി അനുഭവപ്പെടുവാന്‍ തുടങ്ങി. ആശ്രമത്തില്‍ പോത്തച്ചന്‍ ഒരധികപ്പറ്റായി മാറി. ഏക സഹോദരിയെ സന്ദര്‍ശിക്കുവാന്‍ പോലുമുള്ള സ്വാതന്ത്രം അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു. മരുമക്കള്‍ സ്വാധീനിച്ചു സ്വത്തുവകകള്‍ അദ്ദേഹത്തെക്കൊണ്ട് തിരിച്ചു ചോദിപ്പിക്കും എന്ന ഭയം കൊണ്ടാകാം അധികാരികള്‍ അദ്ദേഹത്തെ ഒരുതരം വീട്ടു തടങ്കലില്‍ ആക്കി. പോര് സഹിക്കാനാകാതെ വന്നപ്പോള്‍ അദ്ദേഹം ആശ്രമം വിട്ടു പോകുവാന്‍ തീരുമാനിക്കുകയും താന്‍ ദാനമായി കൊടുത്ത സ്വത്തുവകകള്‍ തിരിച്ചു ചോദിക്കുകയും ചെയ്തു. മറുപടിയായി കൈ മലര്‍ത്തിക്കാട്ടുകയാണ് ആശ്രമാധികാരികള്‍ ചെയ്തത്.   ഗത്യന്തരമില്ലാതെ വെറും കയ്യോടെ ആശ്രമം വിട്ടു അദ്ദേഹം മാന്നാനത്തുള്ള സ്വന്തം സഹോദരിയുടെ  വീട്ടില്‍ അഭയം തേടി.

നിഷ്ടൂരമായി വഞ്ചിക്കപ്പെട്ടിട്ടും, സര്‍വതും നഷ്ടപ്പെട്ടിട്ടും ആധ്യാത്മിക ജീവിതം അദ്ദേഹം ഒരു നിമിഷത്തേക്ക് പോലും ഉപേക്ഷിച്ചില്ല. ദൈവത്തെയോ, പുരോഹിതരെയോ അദ്ദേഹം വെറുത്തില്ല. പ്രത്യുത ജോബിനെപ്പോലെ അദ്ദേഹം ദൈവത്തില്‍ കൂടുതല്‍ ശരണപ്പെട്ടു. എങ്കിലും തന്നെ വഞ്ചിച്ഛവര്‍ക്കെതിരെ കോടതിയെ സമീപിക്കുവാന്‍ അദ്ദേഹം അമാന്തം കാണിച്ചില്ല. സഭയോട് പയറ്റി ജയിക്കുക അസാധ്യം എന്ന് പ്രമുഖ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. എങ്കിലും സ്വയസിദ്ധമായ പ്രത്യാശ കൈവെടിയാതെ അദ്ദേഹം പോരാടി. വളരെക്കാലത്തെ നിയമ യുദ്ധത്തിനു ശേഷം കേരള ഹൈക്കോടതി പോത്തച്ചനു അനുകുലമായി വിധി പ്രഖ്യാപിച്ചു. എങ്കിലും തോറ്റുകൊടുക്കാന്‍ ആശ്രമാധികാരികള്‍ തയ്യാറായില്ല. സമയം തങ്ങളുടെ സൈഡില്‍ ആണ് എന്ന ഉറപ്പില്‍ അവര്‍ ഇന്ത്യന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്ത്.  നീണ്ട 25 വര്‍ഷത്തെ നിയമപ്പയറ്റിന് അന്ത്യം കുറിച്ച് കൊണ്ട്  ഉദ്ദേശം 5 വര്‍ഷം മുമ്പ് ഇന്ത്യന്‍ സുപ്രീം കോടതി കേരള ഹൈക്കൊടതിയുടെ വിധി ശരിവച്ചു. വൈകിയെങ്കിലും അദ്ദേഹത്തിനു നീതി ലഭ്യമായപ്പോള്‍ അതേറ്റു വാങ്ങാന്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായില്ല.

ഇഷ്ടദാനമായി അദ്ദേഹം പ്രസ്തുത ആശ്രമത്തിനു എഴുതിക്കൊടുത്ത കോടിക്കണക്കിനു വിലമതിക്കുന്ന വസ്തുവകകള്‍ ഒക്കെയും അദ്ദേഹത്തിന്‍റെ അനന്തിരന്മാര്‍ക്ക് നിരുപാധികം തിരിച്ചു കൊടുക്കുവാന്‍ ഉത്തരവിട്ട സുപ്രീം കോടതി അതിശക്തമായ വിമര്‍ശനമാണ് ആശ്രമാധിപര്‍ക്കെതിരെ നടത്തിയത്. ഈ  "കോടതി കണ്ടിട്ടുള്ളതില്‍ ഏറ്റവും വ്യക്തവും, നികൃഷ്ടവും ആയ വഞ്ചനയാണ് വിശ്വാസത്തിന്റെ പേരില്‍ ആത്മീയ ഗുരുക്കള്‍ എന്ന വേഷം കെട്ടുന്നവര്‍ ഇവിടെ നടത്തിയിരിക്കുന്നത് " എന്ന് കോടതി പ്രസ്തുത വിധിന്യായത്തില്‍ ആരോപിച്ചു.

കൈവശാകവകാശം സ്ഥാപിക്കാന്‍ ആശ്രമക്കാരും അവരുടെ ഗൂണ്ടാകളും ഒറ്റ രാത്രികൊണ്ട്‌ പടുത്തുയര്‍ത്തിയ കുരിശുപള്ളിയുള്‍പ്പടെ  ഉള്‍പ്പടെ പോത്തച്ചന്റെ  എല്ലാ വസ്തു വകകളും ഇന്ന് അദ്ദേഹത്തിന്‍റെ അനന്തിരവന്മാരുടെ കൈവശാവകാശത്തിലാണ്. സുപ്രീം കോടതിയുടെ വിധി വന്ന ശേഷം അത് നടപ്പിലാക്കാന്‍ എടുത്ത രണ്ടു മൂന്നാഴ്ച്ചക്കകം പ്രസ്തുത പുരയിടത്തിലുണ്ടായിരുന്ന ലക്ഷക്കണക്കിന്‌ വില മതിക്കുന്ന പടുവൃക്ഷങ്ങള്‍  അച്ചന്മാരും അവരുടെ ഗൂണ്ടാകളും കൂടി മുറിച്ചു മാറ്റി എന്ന കാര്യം കൂടി എടുത്തു പറഞ്ഞു കൊള്ളട്ടെ.

വഞ്ചിതനായ തയ്യില്‍ പോത്തച്ഛന് നീതി കിട്ടിയത് ദൈവത്തിന്റെ പ്രതിനിധികളും അഭിഷിക്തരും ചമഞ്ഞു വേദം പ്രസംഗിക്കുന്ന പുരോഹിതരില്‍ നിന്നല്ല. പ്രത്യുത ഇന്ത്യയുടെ  പരമോന്നത  നീതിന്യായക്കോടതിയില്‍ നിന്നുമാണ് എന്നത് മോനിക്കാ-തോമസ്‌ ദമ്പതിള്‍ക്ക്  പ്രതീക്ഷക്കു വകനല്‍കുന്നു.


No comments: