ദുഃഖവെള്ളിയാഴ്ചായായിട്ടു കഴിഞ്ഞ പോസ്റ്റുകളില്‍ പറഞ്ഞ ഒന്നു രണ്ടു കാര്യങ്ങള്‍ എളിമയോടെ വിഴുങ്ങുന്നു.
ജോണ് സ്റ്റീ അച്ഛന്റെ സംവിധാനത്തില്‍ അരങ്ങേറിയ പീഡാനുഭവ കഥ, ഞങ്ങള്‍ പ്രതീക്ഷിച്ചതിനു വിരുദ്ധമായി, അത്യന്തം വിജയകരമായിരുന്നു എന്ന് സമ്മതിക്കുന്നു. വരും വര്‍ഷങ്ങളിലും ഇതു തുടരണം എന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം. ജോണ് സ്റ്റീ അച്ഛനും, പങ്കെടുത്ത എല്ലാവര്ക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍! സംഭാഷണം സിനിമ സ്റ്റൈല്‍ ആയിരുന്നു. റെക്കോര്‍ഡിംഗ് മാറ്റി, തല്‍സമയ സംഭാഷണമാക്കുകയാണെങ്കില്‍ കൂടുതല്‍ സ്വാഭാവീകതയുണ്ടാകും എന്ന അഭിപ്രായമുണ്ട്.
ദുഃഖവെള്ളിയാഴ്ച കര്‍മ്മങ്ങള്‍ അത്യന്തം മനോഹരവും ഭക്തിനിര്ഭരവുമായിരുന്നു എന്നതിന് സംശയമില്ല. പതിവു പോലെ പാക്കിന്ഗ് വലിയൊരു പ്രശനം തന്നെയായിരുന്നു. എങ്കിലും ഇന്നത്തെ ദിവസം അത് അവഗണിക്കാവുന്നതേയുള്ളൂ.
ചടങ്ങുകളിലുടനീളം ഒരു സംഗതി ഈ ലേഖകനെ അലട്ടിക്കൊണ്ടിരുന്നു. ആന്റണിയച്ചന്‍ എന്തോ വളരെ വിവശനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ പീഡാനുഭവകഥാ പാരായണത്തില്‍ ഒരു ജീവനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സു മറ്റെവിടെയോ അലയുകയായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹത്തെ എന്തോ കാര്യമായി അലട്ടുന്നുണ്ടായിരുന്നു എന്ന് ഞങ്ങള്‍ സംശയിക്കുന്നു. അതില്‍ സിറോ മലബാര്‍ വോയ്സിന്റെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന് അഭ്യര്ധിക്കുകയാണ്.
ദുഃഖ വെള്ളിയാഴ്ചയുടെ കൊയര്‍ അത്യധികം ഭംഗിയായിരുന്നു. സത്യം പറഞ്ഞാല്‍ നമ്മുടെ പുതിയ കത്തീദ്രലില്‍ ഇത്രയും നല്ല ഒരു കൊയര്‍ കേള്‍ക്കുവാന്‍ ഭാഗ്യമുണ്ടായത് ഇതാദ്യമായാണ്. പതിവിനു വിരുദ്ധമായി സൌണ്ടും വളരെ നല്ലതായിരുന്നു. ആവശ്യമില്ലാത്ത വാദ്യോപകരണങ്ങള്‍ ഒഴിവാക്കിയത് പാട്ട് നന്നാവാന്‍ സഹായിച്ചു. വിവരമില്ലാത്ത ഓര്‍ക്കെസ്ട്ട്രാക്കാര്‍ അതും ഇതും തലങ്ങും വിലങ്ങും ഇട്ട് അടിക്കുന്നത് ഭക്തജനങ്ങള്‍ക്ക് വളരെ അരോചകം തന്നെ. മനുഷ്യന് തലവേദന തരാം എന്നതിലുപരി മറ്റു ഗുണമൊന്നും അത് ചെയ്യുന്നില്ല. (പിതാവിന് കൂടെക്കൂടെയുണ്ടാകുന്ന തല ചുറ്റിനും മറ്റും മുഖ്യ കാരണം തന്നെ ഈ വാദ്യമേളത്തിന്റെ അതിപ്രസരമല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.) സത്യം പറഞ്ഞാല്‍ ഒരു കീ ബോര്‍ഡും സക്കേവൂസ് ബെന്നിയുടെ തബലയും മാത്രമെ നമ്മുടെ കൊയറിന് ആവശ്യമുള്ളു. (മകനെ സക്കെവൂസേ, നീ ഈ വിശുദ്ധ വാരത്തില്‍ എവിടെപ്പോയി? നിന്നെ ആ മരത്തേല്‍ ഇക്കൊല്ലം ഞാന്‍ കണ്ടില്ലല്ലോ! നിന്റെ തപ്പുകൊട്ടില്‍ ഞാന്‍ അത്യന്തം സംപ്രീതനാന്.) കെട്ടും മാറാപ്പുമായി വാദ്യോപകരണ വായനക്കാരെന്നു സ്വയം നടിച്ചു വരുന്ന സര്‍വ അഭയാര്‍ത്ഥികളേയും , ബാത്ത് റൂം പാട്ടുകാരേയും കൊയറില്‍ വലിച്ചു കേറ്റിയാല്‍ അതെങ്ങനെ കൊളമാകാതിരിക്കും ?
അതുപോലെ തന്നെ സ്വല്‍പ്പമെങ്കിലും സംഗീതമറിയാവുന്നവര്‍ ലീഡ് ചെയ്തു പാടി എന്നതും ഇന്നത്തെ കൊയറിന്റെ വിജയത്തിന്റെ ഒരു മേജര്‍ ഘടകമാണ്. കോറസ് സംഘവും വളരെ ഒതുക്കിത്തന്നെ പാടി. സാധാരണപോലെ, കൊയര്‍ നാറിയാലും "എന്റെ ഒച്ച മുമ്പില്‍" നില്‍ക്കണം എന്ന മനോഭാവം ഉള്ളവര്‍ക്ക് കാറി വിളിക്കാനുള്ള അവസരം എന്തുകൊണ്ടോ കിട്ടിയില്ല.
ക്രിയാത്മകമായ ഒരു വിമര്‍ശനമായി അച്ഛന്‍ ഇതു കണക്കാക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
സൊ ഫാര്‍ സൊ ഗുഡ്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഉയിര്‍പ്പ് കുര്‍ബാനയുടെ ഗതി എന്തായിരിക്കുമെന്ന് പറയുക അസാധ്യം. നന്നാകാന്‍ ബുദ്ധിമുട്ടാണ്. സര്‍വ വാദ്യ മേളങ്ങളും സര്‍വമാന പാട്ടുകാരും ഒത്തുകൂടുമ്പോള്‍..... ഓര്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ഭയമാകുന്നു.
എല്ലാ വായനക്കാര്‍ക്കും ഉയിര്‍പ്പ് തിരുനാളിന്റെ മംഗളങ്ങള്‍.
No comments:
Post a Comment