Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, July 10, 2011

ഫാ. ജോയ് ആലപ്പാട്ട് , വിവര ദോഷികള്‍ക്കും മ്ലേച്ചന്മാര്‍ക്കും തട്ടിക്കളിക്കാനുള്ള പന്തല്ല!

സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍
ഗാര്‍ഫീല്‍ഡ്, ന്യു ജേഴ്സി

കുറച്ചു നാളുകളായി സീറോ മലബാര്‍ വോയിസില്‍ മുഖ്യ കോളങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു കഥാപാത്രമായി മാറിയിരിക്കുന്നു, ഫാ. ജോയ് ആലപ്പാട്ട്. കോപ്പെലിലെ പ്രമാദമായ വിഷയങ്ങളില്‍ നിന്നും തലയൂരാന്‍ ബിഷപ്പിനെ സഹായിക്കാന്‍ ഒരു കമ്മീഷണര്‍ എന്ന വിഡ്ഢി വേഷം കെട്ടിയതോടെ ആണ് അദ്ദേഹം ആഗോള ശ്രദ്ധ പിടിച്ചു പറ്റാന്‍ തുടങ്ങിയത്. അതോടെ അദ്ദേഹത്തിന്‍റെ കഷ്ടകാലവും തുടങ്ങി എന്ന് ഇടവക ജനങ്ങള്‍ വിശ്വസിക്കുന്നു.
മുന്‍പ് അദ്ദേഹം സേവനം ചെയ്തിരുന്ന ന്യു മില്‍ ഫോര്‍ഡ് എന്ന അമേരിക്കന്‍ പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന സീറോ മലബാര്‍ മിഷന്റെ തുടര്‍ച്ച ആണല്ലോ ഇന്നത്തെ ഗാര്‍ഫീല്‍ഡ് മിഷന്‍. ന്യു മില്‍ ഫോര്‍ഡില്‍ നിന്നും ഗാര്‍ഫീല്‍ഡ് വരെ എത്താനുണ്ടായ സാഹചര്യങ്ങള്‍ പുതുതായി ഇടവകയില്‍ ചേര്‍ന്ന അംഗങ്ങള്‍ മനസിലാക്കിയിരിക്കുന്നത് നന്നായിരിക്കും എന്ന് പഴക്കം ചെന്ന ഇടവകക്കാര്‍ വിശ്വസിക്കുന്നു. ന്യു ജേഴ്സിയില്‍ കഴിഞ്ഞ 30 കൊല്ലമായി നിവസിക്കുന്ന ഒരു സീറോ മലബാര്‍ വിശ്വാസി ഈ ലേഖകന്റെ അടുക്കല്‍ മനസ് തുറന്നത് ഇപ്രകാരമാണ്. " നിങ്ങള്‍ക്ക് അറിയുമോ?..........അമേരിക്കയില്‍ വന്ന കാലത്ത് ഒരു മലയാളം കുര്‍ബ്ബാന കാണാന്‍ ഞാന്‍ എത്ര മാത്രം കൊതിച്ചിട്ടുണ്ടെന്നു?. അന്ന് എവിടെ എങ്കിലും ഒരു മലയാളി അച്ചന്‍ വന്നെന്നു കേട്ടാല്‍ 100 കണക്കിന് മൈലുകള്‍ സ്നോയിലൂടെ വണ്ടി ഓടിച്ച് അച്ചനെ പൊക്കി കൊണ്ട് വന്ന് ആരുടെ എങ്കിലും ബേസുമെന്റില്‍ ഒരു കുര്‍ബ്ബാന നടത്തിയാല്‍ കിട്ടിയിരുന്ന സമാധാനവും സന്തോഷവും ഇന്ന് വളരെ ആര്‍ഭാടപൂര്‍വം പള്ളിയില്‍ നടത്തുന്ന മലയാളം കുര്‍ബ്ബാന കണ്ടാല്‍ കിട്ടുന്നില്ല. അച്ചന്റെയോ കുര്‍ബ്ബാനയുടെയോ , പള്ളിയുടെയോ കുഴപ്പം കൊണ്ടല്ല, പിന്നെയോ സമൂഹം അത്രമാത്രം അധപ്പതിച്ചിരിക്കുന്നു." പ്രസ്തുത വ്യക്തി മനസ്സ് തുറന്നു. " ഇന്ന് എന്താണ് സമൂഹത്തില്‍ നടമാടുന്നത്?......സ്ഥാന മാനങ്ങള്‍ക്ക് വേണ്ടിയുള്ള പിടിവലി, പള്ളി കണക്കില്‍ നിന്നും പണം വെട്ടിക്കാനുള്ള വ്യഗ്രത, എതിരാളികളെ തോല്‍പ്പിക്കാന്‍ വേണ്ടി കോടതിയും വ്യവഹാരവും....എന്ന് വേണ്ടി ആര്‍ക്കു പോയി?........അച്ചനു വല്ലതും പോയോ?... മെത്രാന് വല്ലതും പോയോ?...പോയത് ആര്‍ക്ക്?....ഇടവകക്കാര്‍ക്ക് തന്നെ....വക്കീല്‍ ഫീസ്, കോടതി ചെലവ്, എന്ന് വേണ്ടി സര്‍വത്ര ചിലവുകള്‍ ആര് മുടക്കും?...ഇടവകക്കാര്‍ തന്നെ...അപ്പോള്‍ ഇതിന്റെ ഗുണ പാഠം എന്താ?...അവനവന്‍ ഇരിക്കാനുള്ളിടത്ത് ഇരുന്നില്ലെങ്കില്‍ അവിടെ നായ്‌ കയറി ഇരിക്കും...പക്ഷെ ഈ ഗാര്‍ഫീല്‍ഡ് പള്ളിയുടെ കാര്യത്തില്‍ നായ്ക്കു പകരം സാത്താനാണ്‌ കയറി ഇരിക്കുന്നതെന്ന് മാത്രം.."...സരസനായ ഇടവകക്കാരന്‍ തട്ടി മൂളിച്ചത് അടുത്തു നിന്ന 60 നോട് അടുത്തു പ്രായം തോന്നിക്കുന്ന മദ്ധ്യ വയസ്കന്‍ തലകുലുക്കി സമ്മതിച്ചു.

ഈ ലേഖകന്‍ സീറോ മലബാര്‍ വോയിസ് എന്ന മഹല്‍ പ്രസ്ഥാനത്തിന്റെ ഗാര്‍ഫീല്‍ഡ് ഇടവകയിലെ സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍ ആണെന്ന സത്യം ഇതുവരെ ആരുടേയും അടുത്ത് വെളിപ്പെടുത്താത്തതിനു പ്രത്യേക കാരണം ഉണ്ട്. പത്ര പ്രതിനിധി എന്ന് കേട്ടാല്‍ ഒളിക്കാന്‍ ശ്രമിക്കുന്നവര്‍ ആണല്ലോ നമ്മുടെ അമേരിക്കന്‍ മലയാളികള്‍. പ്രത്യേകിച്ചും വിവാദ പരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന ഒരു ലേഖകന്‍...എങ്കിലും ധൈര്യം കൈ വിടാതെ , സ്ത്രീ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ ഒരു കുശലാന്വേഷകന്‍ എന്ന നിലയില്‍ മന്ദം മന്ദം അവരുടെ അടുക്കലേക്കു നീങ്ങിയ ഈ ലേഖകനെ അമ്പരപ്പിച്ച ഒരു കാര്യം...അവര്‍ക്ക് അച്ചന്‍ സ്ഥലം മാറിപ്പോകുന്നതിലോ , ഇനി പുതിയ വികാരി അച്ചന്‍ വരുന്നതിലോ ഒന്നുമല്ല ശ്രദ്ധ. പിന്നെയോ, ആരോ ബ്ലോഗില്‍ എഴുതിയത്രേ , പള്ളിയില്‍ കൊടുക്കുന്ന ഉച്ച ഭക്ഷണം നിറുത്തണമെന്ന്. ഉച്ച ഭക്ഷണം നിറുത്തിയാല്‍ പിന്നെ ഞങ്ങള്‍ എങ്ങിനെ ഞങ്ങളുടെ ആഭരണവും വസ്ത്രവും പ്രദര്‍ശിപ്പിക്കും?...........കഴുത്തിലും കൈകളിലും നിറയെ ആഭരണം കുത്തി നിറച്ച പ്രസ്തുത സ്ത്രീയുടെ ജല്‍പ്പനങ്ങള്‍ ഈ ലേഖകന്‍ അത്ര കാര്യമാക്കിയില്ല....

അവിടെ നിന്നും മറ്റൊരു വിഭാഗം സ്ത്രീ ജനങ്ങളുടെ അടുക്കലേക്കു നീങ്ങിയ ഈ ലേഖകന് കാര്യങ്ങള്‍ അത്ര പന്തിയായി തോന്നിയില്ല . ദൂരെ നിന്നും അവരുടെ ആക്രോശങ്ങള്‍ ശ്രദ്ധിച്ച് കൊണ്ട് അടുത്ത് എത്തിയ ഈ ലേഖകന്‍ അവരുടെ ആവേശം കണ്ട് ഒന്ന് അമ്പരന്നു. എങ്കിലും സമചിത്തത കൈ വെടിയാതെ അവരുമായി നടത്തിയ സംഭാഷണങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. " കണ്ട തെണ്ടികള്‍ക്കും തെമ്മാടികള്‍ക്കും ഇട്ട് അമ്മാനമാടാനുള്ള പന്തല്ല ജോയ് അച്ചന്‍...അങ്ങിനെ വല്ലവരും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്കുള്ള ശിക്ഷ ദൈവം കൊടുക്കും....ഇപ്പോള്‍ ഒരു ഇടവകാംഗത്തിന് എതിരെ കോടതിയില്‍ കൊടുത്തിരിക്കുന്ന കേസ് , അച്ചനെതിരെ കേസ് കൊടുത്തതിനു തുല്യമല്ലേ?...അത് പേടിച്ചല്ലേ അച്ചന്‍ നാട് വിടാന്‍ തീരു മാനിച്ചത്?........അപ്പോള്‍ അച്ചനെ ഓടിക്കാനല്ലേ കേസ് കൊടുത്തത്?...ഈ കേസില്ലായിരുന്നെങ്കില്‍ അച്ചന്‍ പോകുമായിരുന്നോ?....നല്ല ഒരു ഇടയനെ നഷ്ടപ്പെടുന്നതില്‍ ഉള്ള വ്യഥ ആ സ്ത്രീയുടെ ആക്രോശങ്ങളില്‍ ജ്വലിച്ചു നിന്നു.

ന്യു മില്‍ ഫോര്‍ഡില്‍ നിന്നും ഗാര്‍ഫീല്‍ഡ് വരെ എത്താനുണ്ടായ സാഹചര്യങ്ങളെപ്പറ്റി ഈ ലേഖകന്‍ വിശദമായി അന്വേഷണം നടത്തി. ജോയ് അച്ചന്‍ ന്യു മില്‍ ഫോര്‍ഡ് അമേരിക്കന്‍ പള്ളി associate pastor ആയിരിക്കെ പള്ളിയില്‍ വരുന്ന മലയാളികളുടെ ഇടയില്‍ ഉണ്ടായ ഗ്രൂപ്പ് വഴക്കില്‍ അച്ചന്റെ തീരുമാനം അസ്വീകാര്യമായി തോന്നിയ ഒരു വിഭാഗം വേറെ സ്ഥലത്ത് മലയാളം കുര്‍ബ്ബാന തുടങ്ങുകയും , ചിക്കാഗോ ബിഷപ്പ് അത് മുടക്കുകയും ചെയ്തു. അതില്‍ ക്ഷുഭിതരായ വിഭാഗീയര്‍ ജോയ് അച്ചന്റെ പള്ളിയിലെ പാസ്റ്റരിനെ സ്വാധീനിച്ച് ജോയ് അച്ചനെ പള്ളിയില്‍ നിന്നും പുറത്താക്കുകയും , അതില്‍ നിന്നുളവായ ആത്മനൊമ്പരത്തില്‍ അച്ചനു heart attack ഉണ്ടാകുകയും ചെയ്തത്രേ. വിവരം അറിഞ്ഞ ന്യുവാര്‍ക്ക് ആര്‍ച്ച് ബിഷപ്‌ ജോയ് അച്ചനെ ഗാര്‍ഫീല്‍ഡ് പള്ളിയിലെ പാസ്റ്റര്‍ ആയി നിയമിച്ചു. അച്ചന്റെ ആടുകള്‍ ഇടയന്‍ പോയ വഴിയെ അനുഗമിച്ചാണ് ഇന്ന് ഗാര്‍ഫീല്‍ഡ് എന്ന മഹാ പ്രസ്ഥാനത്തില്‍ എത്തിയിരിക്കുന്നത്. എങ്കിലും അച്ചന് ആത്മ വേദന സമ്മാനിച്ച ആ കറുത്ത ആടുകളെ പുതിയ പള്ളിയില്‍ സ്ഥാന മാനങ്ങള്‍ നല്‍കി ബഹുമാനിക്കാന്‍ ജോയ് അച്ചന്‍ മറന്നില്ല. അതാണ്‌ ജോയ് അച്ചന്റെ വ്യക്തിത്വം. ശത്രുവിനെ സ്നേഹിച്ച ജോയ് അച്ചന് പാര പണിയാന്‍ സ്ഥാനമാനങ്ങളില്‍ ഇരുന്നു കൊണ്ട് തന്നെ എതിരാളികള്‍ കിണഞ്ഞു പരിശ്രമിച്ചു. അതിന്റെ പരി സമാപ്തി എന്നോണം ജോയ് അച്ചന് തന്റെ പ്രിയ ജനത്തെ വിട്ടു ചിക്കാഗോയിലെ നിലയില്ലാ കയത്തില്‍ മുങ്ങി മരിക്കാന്‍ വിധി ആയല്ലോ എന്ന് ഭൂരിഭാഗം ഇടവക ജനങ്ങള്‍ പരിതപിക്കുന്നു.

വിവിധ ഭക്ത സംഘടന കളുടെ നേതൃത്വത്തില്‍ , വിവിധ പുണ്യാളന്‍ മാരോടും പുണ്യ വതികള്‍ ഓടും , ജോയ് അച്ചന്റെ സ്ഥലം മാറ്റം cancel ചെയ്യാന്‍ നടത്തുന്ന നൊവേന ഫലം പ്രാപിച്ചില്ലെങ്കില്‍ , നോവേനയിലുള്ള വിശ്വാസം പോലും നഷ്ടപ്പെടുമെന്ന് ഒരു സ്ത്രീ ജനം വളരെ വികാര ഭരിതയായി പറഞ്ഞത് ഈ ലേഖകന്‍ വളരെ serious ആയി തന്നെ ആണ് കണ്ടത്.

1 comment:

Anonymous said...

http://a2727.blogspot.com/p/a02.html