Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, January 9, 2012

കഴന്നെഴുന്നള്ളിപ്പിന്റെ പേരില്‍ കഴുത്തറക്കല്‍

ഈ വരുന്ന ഇരുപത്തി രണ്ടാം തീയതി ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍  ദേവാലയത്തില്‍ വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ കഴന്നെടുപ്പിനു ആളൊന്നുക്ക് അഞ്ചു ഡോളര്‍ ആണെന്ന് കേള്‍ക്കുന്നു. ഇത് സത്യമാണെങ്കില്‍ ആ പുണ്യവാന്റെ പേരില്‍ പകല്‍കൊള്ള നടത്തുകയാണ് നമ്മുടെ ഇടവകാ നേതൃത്വം.

ഈ തിരുനാള്‍ ഇക്കൊല്ലവും ഏറ്റെടുത്തു നടത്തുന്നത് അതിരമ്പുഴക്കാരാണ്. അതായത് അതിനോടനുബന്ധിച്ചുള്ള സര്‍വ ചിലവുകളും വഹിക്കുന്നത് അവരാണ്. അതിഥികള്‍ ആയി വരുന്ന വൈദീകര്‍ക്കുള്ള അലവന്‍സ്, ചെണ്ട, വെടി, എന്നുവേണ്ട ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ക്ക്‌ സ്നേഹവിരുന്നും അവര്‍ ഒരുക്കുന്നുണ്ട്‌ എന്നാണു പറയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പണ സമാഹരണം എന്ന ഒരേയൊരു ഉദ്ദേശം വച്ചല്ലേ കഴന്നെഴുന്നള്ളിപ്പിനു  ഇതുപോലെ തീ പിടിച്ച ഒരു തുക നിശ്ചയിച്ചിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ഞങ്ങള്‍ നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്ന പോലെ സാമ്പത്തികമായി വളരെ വലിയ ഞെരുക്കത്തില്‍ ആണ് നമ്മുടെ പള്ളി. അതിനു കാരണം എന്തെന്ന് പഠിച്ചു മനസ്സിലാക്കി പള്ളിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുവാന്‍  വേണ്ട നടപടികകള്‍ ആണ് വേണ്ടപ്പെട്ടവര്‍ എടുക്കേണ്ടത്. അല്ലാതെ ക്രിസ്മസ്സും തിരുനാളുകളും ഭക്തജനങ്ങളെ പിഴിഞ്ഞ് പണം പിരിക്കാനുള്ള  അവസരങ്ങള്‍ ആക്കി മാറ്റി അവരെ കൂടുതല്‍ അസംതൃപ്തരാക്കുകയല്ല വേണ്ടത്.

അഴിമതികൊണ്ടും, ധൂര്‍ത്ത് കൊണ്ടും, പിടിപ്പു കേടു കൊണ്ടും നമ്മുടെ ഇടവകയെ പാപ്പരത്തത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്ന വിവരമില്ലാത്ത അതെ  സാമ്പത്തിക വിദൂഷകര്‍ ആണ്  കഴന്നെടുപ്പിച്ചു ജനങ്ങളുടെ കഴുത്തറക്കുന്ന ഈ പദ്ധതിയും ആയി വന്നിരിക്കുന്നത്. എന്നാല്‍ അതുകൊണ്ട് അവര്‍ ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല എന്ന് ഏതു നാലാം ക്ലാസ്സുകാരനും കണക്കു കൂട്ടി പറയാവുന്നതേയുള്ളൂ. . ഉദാഹരണം: രണ്ടു കുഞ്ഞുങ്ങള്‍ അടങ്ങിയ ഒരു സന്തുഷ്ട കുടുംബത്തിനു ആള്‍ക്കൊന്നു അഞ്ചു ഡോളര്‍ വച്ച് കഴന്നു എടുക്കണമെങ്കില്‍ 20  ഡോളര്‍ വേണം. അതുകൊണ്ട് പലരും അഞ്ചു ഡോളര്‍ കൊടുത്ത് ഒരു കുടുംബത്തിനു ഒരു കഴന്നു എന്ന തോതില്‍ എടുത്തു ബാക്കി 15  ഡോളര്‍ കീശയില്‍ ഇടും. സെബസ്ത്യാനോസ് പുണ്ണ്യവാളന്  അതില്‍ പരഭവം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല . അതെ സമയം ന്യായമായ ഒരു രണ്ടോ മൂന്നോ ഡോളര്‍ ആയിരുന്നു പെര്‍ കഴന്നിനു എങ്കില്‍ പ്രസ്തുത സന്തുഷ്ട കുടുംബത്തിലെ ഓരോരുത്തരും ഓരോ കഴന്നെടുത്തു എഴുന്നള്ളിച്ചു എട്ടോ പന്ത്രണ്ടോ ഡോളര്‍ നേര്‍ച്ചയായി ഇടുമായിരുന്നു.

അതിപുരാതനമായ അതിരമ്പുഴ ഇടവകയിലെ ഉദാരമതികളായ കുടുംബങ്ങള്‍ ആണ് ഈ തിരുനാള്‍ സ്വയം ഏറ്റെടുത്തു നടത്തുന്നത്. പ്രസുദേന്തി എന്ന അവരുടെ അവകാശം ഉപയോഗിച്ച് കഴന്നു വിറ്റു കാശാക്കാന്‍ വിശുദ്ധ സെബസ്ത്യാനോസിനെയും ഈ ഇടവകയിലെ ജനങ്ങളെയും ഉപയോഗിക്കുവാന്‍ അധികാരികളെ അവര്‍ അനുവദിക്കരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പെരുന്നാളുകളും, ക്രിസ്മസ്സും, കൂടാതെ തൊട്ടതും  പിടിച്ചതും ആയ ഏതവസരത്തിലും പണം പിരിക്കാനുള്ള അധികാരികളുടെ ആക്രാന്തത്തിനു താല്‍ക്കാലികമായി എങ്കിലും അതുകൊണ്ട് ശമനം ഉണ്ടായേക്കാം.

 

1 comment:

Anonymous said...

Yesterday was the day Holy family syro-malabar church celebrated its "perunnal" The pious people down here had no problem in giving $10 for each "കഴന്നെഴുന്ന". It is how some us show our honor towars our saints. If it is a burden then you should not do it, but do not accuse us those who do it out of piety, but I certainly hope that the money is well spend not misused. Why waste money on chentta, fireworks? Eating food together now that is something of a community should be doing, instead of wasting money.....