Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, January 1, 2013

എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ മറവില്‍ തട്ടിപ്പ്‌ : അന്വേഷണം ഇഴയുന്നു; അമേരിക്കന്‍ കോണ്‍സുലേറ്റിന്‌ അതൃപ്‌തി


Mangalam

കൊച്ചി: എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ മറവില്‍ അമേരിക്കയിലേക്കു മനുഷ്യക്കടത്തിലൂടെ 42 പേരെ കയറ്റി അയക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന്‌ അതൃപ്‌തി. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതാണ്‌ അതൃപ്‌തിക്കു കാരണം.

രാജ്യരക്ഷയെ ബാധിക്കുന്ന വിഷയമെന്ന നിലയ്‌ക്ക് അമേരിക്കന്‍ കോണ്‍സുലേറ്റ്‌ അതീവ ഗൗരവത്തോടെയാണു കേസിനെ കാണുന്നത്‌. എന്നാല്‍ വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ സി.ഇ.ഒയെയടക്കം രണ്ടു പേരെ മാസങ്ങള്‍ക്കു മുമ്പേ പോലീസ്‌ അറസ്‌റ്റ് ചെയ്‌തെങ്കിലും തുടര്‍ നടപടി എങ്ങുമെത്തിയിട്ടില്ല. സംഘത്തിലെ പ്രധാന ഏജന്റെന്നു കണ്ടെത്തിയ കെ.സി.ബി.സി. (കേരള കത്തോലിക്ക മെത്രാന്‍ സമിതി) യൂത്ത്‌ കമ്മിഷന്‍ മുന്‍ ഭാരവാഹിയായ ഫാദര്‍ ജെയ്‌സണ്‍ കൊല്ലന്നൂര്‍ അടക്കം നാലുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും അറസ്‌റ്റ് നീളുകയാണ്‌. യൂത്ത്‌ കമ്മിഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന രാജു തോമസ്‌, ടിറ്റു തോമസ്‌, ജോമോന്‍ തോമസ്‌ എന്നിവരായിരുന്നു കേസില്‍ പ്രതികളായത്‌. ഇതോടെ ഇവരെ ചുമതലകളില്‍നിന്നു കെ.സി.ബി.സി. നീക്കുകയും ചെയ്‌തു. ഇവരെ അറസ്‌റ്റ് ചെയ്ുയന്നതടക്കമുള്ള നടപടി ഇഴഞ്ഞുനീങ്ങിയതാണു അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ അതൃപ്‌തിക്കു കാരണം. വിമാനത്താവളങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അതുകൊണ്ടു പ്രതികള്‍ രാജ്യം വിട്ടുപോകുമെന്ന ആശങ്കയില്ലെന്നുമാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥന്റെ നിലപാട്‌. പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

കാക്കനാട്‌ സ്‌ഥിതിചെയ്യുന്ന ഇന്റര്‍നാഷണല്‍ ബിസിനസ്‌ സ്‌കൂള്‍ ഗ്രൂപ്പായ ഷാദ്‌വെല്‍സിന്റെ പേരിലായിരുന്നു തട്ടിപ്പ്‌. സ്‌ഥാപനത്തിന്റെ ഉടമകളായ ടോം ബേബി(25), സുബി കുര്യന്‍(27) എന്നിവരുടെ ബാങ്ക്‌ അക്കൗണ്ട്‌ രേഖകളും ഇ-മെയില്‍ സന്ദേശങ്ങളും മറ്റും പരിശോധിച്ചപ്പോഴാണു കബളിപ്പിക്കലിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്‌തമായത്‌. രണ്ടുപേരും ഇപ്പോള്‍ കര്‍ശന വ്യവസ്‌ഥകളോടെ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്‌.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ര്‌ട സംഘടനയായ നഫ്‌സ കഴിഞ്ഞ മേയ്‌ 29 മുതല്‍ ജൂണ്‍ ഒന്നുവരെ അമേരിക്കയിലെ ഹൂസ്‌റ്റണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണായിരത്തോളം വിദ്യാഭ്യാസ വിദഗ്‌ധരെ പങ്കെടുപ്പിച്ചു നടത്തിയ വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെന്ന പേരിലാണ്‌ 42 പേരെ അമേരിക്കയിലേക്കു കടത്താന്‍ ഷാദ്‌വെല്‍ ഉടമകളും ഫാദറും ചേര്‍ന്നു ശ്രമിച്ചത്‌. ഇത്തരത്തില്‍ കയറ്റി അയക്കുന്നവര്‍ അമേരിക്കയിലെത്തിയാല്‍ ഏതു രീതിയിലുള്ള പ്രവര്‍ത്തനമാണു നടത്താന്‍ ഉദ്ദേശിച്ചിരുന്നതടക്കമുള്ള വിഷയങ്ങളാണു ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ്‌ നേരിട്ട്‌ അന്വേഷിക്കുന്നത്‌. അന്വേഷണ ഉദ്യോഗസ്‌ഥനുമായി കോണ്‍സുലേറ്റ്‌ അധികൃതര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്‌. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്നു ഇന്റലിജന്‍സ്‌ വിഭാഗത്തേയും സംസ്‌ഥാന ആഭ്യന്തരവകുപ്പിനേയും വിവരമറിയിച്ചതോടെയാണ്‌ മനുഷ്യക്കടത്തിനുള്ള നീക്കം പുറത്തായത്‌.
ജിനേഷ്‌ പൂനത്ത്‌

1 comment:

Anonymous said...

റെജി എല്ലാവരെയും വിളിച്ച് അറിയിച്ചു.


റെജിക്ക് നുഴഞ്ഞ് കയറാ൯ കിട്ടിയ അവസരം പാഴാക്കില്ല.


റെജി എന്നേയും വിളിച്ചു.


നല്ല റെജി. റെജിയുടെ കരണ്ടിന്റെ പവ്വ൪. എവിടെയും എത്തും.