കെട്ടിപ്പിടുത്തം ഒരു രോഗമല്ല. അത് പ്രകൃതിയുടെ പ്രത്യുല്‍പ്പാദന പ്രക്രിയയുടെ തുടക്കമായ ഒരു ലാസ്യ ഭാവത്തിന്റെ പ്രതിഫലനമാണ്. പക്ഷേ അത് ആര് ചെയ്യുന്നു എന്നതാണ് പ്രധാനം .
ഗൃഹസ്ഥാശ്രമം സ്വീകരിച്ച ദമ്പതികള്‍ക്ക് ധൈര്യമായി തുടങ്ങാവുന്ന ആദ്യ സമാഗമ സംഗമമാണ് കെട്ടിപ്പിടുത്തം അഥവാ ആലിംഗനം.പക്ഷേ ഗൃഹസ്ഥാശ്രമത്തിനോടു വിടുതല്‍ ചൊല്ലി വാനപ്രസ്ഥം ആശ്ലേഷിച്ച പുരോഹിതന് ഏത് മതസ്ഥനായാലും കെട്ടിപ്പിടുത്തം തീര്‍ച്ചയായും നിഷിദ്ധമാണ്. പുരോഹിതന് ദൈവത്തിന്റെ വേല ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ്. അവന് ഭൂമിയിലെ സര്‍വാഡംബരങ്ങളും സുഖ സൌകര്യങ്ങളും ത്യജിച്ച മുനി വര്യനാണ്. അവനെ ഇഹലോക പരീക്ഷണങ്ങള്‍ ഒന്നും അലട്ടിക്കൂടാ . അവന് അതിനെല്ലാം അതീതനാണ്. ഹിന്ദു , ബുദ്ധ , ജൈന , ക്രിസ്തു , മുസ്ലീം മതങ്ങള്‍ പരിശോധിച്ചാല്‍ , പുരോഹിതന്റെ നിര്‍വ്വചനം എല്ലാത്തിലും ഒന്നു തന്നെ.
അതവിടെ നില്ക്കട്ടെ. വഴി തെറ്റുന്ന പുരോഹിതര്‍ക്ക് കളരി മര്‍മ്മാണി ചികില്‍സാ വിധി പ്രകാരം , ആദ്യ മായി രണ്ടു മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം.
ഒന്ന്. പൌരോഹിത്യ വൃത്തി ഉപേക്ഷിക്കുക. ഏറ്റവും എളുപ്പമുള്ള മാര്‍ഗം!
രണ്ട്. പൌരോഹിത്യ വൃത്തിയില്‍ തുടര്‍ന്നു കൊണ്ട് കര്‍ത്തവ്യങ്ങളും കടമകളും ചെയ്യാന്‍ സ്വയം പ്രാപ്തനാകുക.
രണ്ടാമത്തെ മാര്‍ഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് മനസ്സിനെ പ്രാപ്തമാക്കാന്‍ നാലു വിവിധ ചികില്‍സാ രീതികള്‍ ഉണ്ട് - സാമം , ദാനം , ഭേദം , ദണ്ഡം.
ചെറിയ ചാഞ്ചാട്ടമുള്ളവരേ ആദ്യമായി നല്ല വാക്കുകള്‍ പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിക്കും. അതാണ് സാമ ചികില്‍സാരീതി .അതിനും വഴങ്ങാത്തവരെ എന്തെങ്കിലും ഒക്കെ സമ്മാനങ്ങള്‍ കൊടുത്തു ഈ ലൌകിക സുഖങ്ങളില്‍ നിന്നും പിന്തിരിപ്പിക്കും-ദാന ചികില്‍സ . എന്നിട്ടും വഴങ്ങുന്നില്ലെങ്കില്‍ അത് കൂടിയ കേസാണ്. അടുത്തത് ഭീഷണി മുറയാണ്- ഭേദം, അഥവാ ഭീഷണി. പ്രസ്തുത വ്യക്തിയെ കൈകള്‍ പിന്നില്‍ കെട്ടി അരഭാഗം ബന്ധിച്ചു നിഷ്ക്രിയനായി നിറുത്തിയ ശേഷം , കളരിഗുരുക്കള്‍, ഇടത്തു ചാഞ്ഞു വലം വെട്ടി മുച്ചുവടു മുന്നോട്ടാഞ്ഞു , ഒരു ചുവടു പിന്നോട്ടാഞ്ഞു, ഇടത്തു മാറി, വലം തിരിഞ്ഞു , വലത്തു മാറി , ഇടം തിരിഞ്ഞു, കൈ കുത്തി കാല് പൊക്കി കുട്ടിക്കരണം മറിഞ്ഞ് , പ്രസ്തുത വ്യക്തിയുടെ കീഴ് നാഭിക്ക് നേരെ മുട്ട് മടക്കി ഒറ്റക്കാലില്‍ നില്ക്കുന്ന ഒരു പ്രയോഗം ഉണ്ട്. ഒരു മാതിരിപ്പെട്ട ആള്‍ക്കാരെല്ലാം ഈ പ്രയോഗം കൊണ്ട് എല്ലാ വേണ്ടാതീനങ്ങളും ഉപേക്ഷിക്കും.
എന്നിട്ടും ഫലിക്കുന്നില്ലാ എങ്കില്‍ , ദണ്ഡ പ്രയോഗം . മേല്‍ പറഞ്ഞ കളരി മുറകളില്‍ കൂടി അഭ്യാസം നടത്തി വരുന്ന കളരിഗുരുക്കള്‍ , പ്രസ്തുത വ്യക്തിയുടെ നാഭിക്ക് നാല്വിരല് താഴെ തന്റെ മുട്ടുകാല് കേറ്റുന്നു.അതില്‍ നിന്നും ഉളവാകുന്ന പ്രകമ്പനത്തില്‍ നിന്നും ടിയാന്, മലമൂത്രാദി വിസര്ജ്ജനങ്ങള്ക്കൊപ്പം ഉറക്കെ കരയുകയും ചെയ്യുന്നു. പീന്നീടിരിക്കലും പ്രസ്തുത വ്യക്തി യാതൊരു വിധ വേണ്ടാതീനങ്ങള്‍ക്കും വഴിപ്പെടില്ല. ഈ ചികില്‍സ ആവശ്യമുള്ളവര്‍ , കോട്ടയം പട്ടണത്തില്‍ നിന്നും തെക്കുമാറി ചിങ്ങവനം എന്ന സ്ഥലത്ത് ബസ്സിറങ്ങി , വാസവ ഗുരുക്കളുടെ കളരി ചോദിച്ചാല്‍ മതി. ആരും കാണിച്ചുതരും.
ചികില്‍സാ വിധി - തെറ്റിദ്ധാരണ ഒഴിവാക്കണം.
ഞാന്‍ കുറിച്ച ചികില്‍സാ വിധിയെപ്പറ്റി ചില തെറ്റിദ്ധാരണകള്‍ കടന്നു കൂടിയിരിക്കുന്നതായി മനസ്സിലാക്കുന്നു. മേല്‍പ്പറഞ്ഞ ചികില്‍സാ വിധി ഒരു പ്രത്യേക ജന വിഭാഗത്തിന് വേണ്ടി വിഭാവനം ചെയ്തതല്ല. സമൂഹം നിഷ്കര്‍ഷിച്ചിരിക്കുന്ന പാതയില്‍ നിന്നും വ്യതിചലിച്ച് സഞ്ചരിക്കുന്ന ആര്‍ക്കും ഇത് പ്രയോഗിക്കാം. ഉദാഹരണമായി ഭാര്യയെ തല്ലുന്ന ഭര്ത്താക്കന്മാര്, ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാര്‍, കള്ളന്മാര് , രാഷ്ട്രീയക്കാര്‍, സാമുദായിക നേതാക്കന്മാര് എന്നു തുടങ്ങി അവരവരുടെ ചട്ടക്കൂട് വിട്ടു , അവരവരുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുന്ന ആര്‍ക്കും ഞാന്‍ ചികില്‍സ നല്‍കുന്നതാണ്.തെറ്റിദ്ധാരണ മാറിയെന്ന് വിചാരിക്കുന്നു. നന്ദിയോടെ, വാസവ ഗുരുക്കള്‍