ഈ എഴുത്ത് തുടങ്ങിയ ശേഷം ഇരിയ്ക്കപ്പൊറുതിയില്ല !
കമെന്റ്കാരുടെ പേട്ടയാണ്.
ഇതാണ് കമ്മെന്റ്കളുടെ രത്നച്ചുരുക്കം: "നിങ്ങള്‍ എപ്പോഴും അധികാരികളെ വിമര്‍ശിക്കുന്നു. നേതാക്കളെ വിമര്‍ശിക്കുന്നു. പുതിയ പള്ളിയെ വിമര്‍ശിക്കുന്നു. കമ്മിറ്റികളെ വിമര്‍ശിക്കുന്നു. പള്ളി പണി ഒരു കെണിയായിരുന്നെന്ന് എല്ലാവരും സമ്മദിക്കുന്നു. അധികാരികള്‍ക്ക് അങ്ങനെ ഒരു പറ്റു പറ്റി. പക്ഷെ നിങ്ങള്‍ വിമര്‍ശനങ്ങളല്ലാതെ ക്രിയാത്മകമായ പരിഹാരങ്ങള്‍ ഒന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല. ചത്ത കൊച്ചിന്റെ ജാതകം നോക്കേണ്ട കാര്യമില്ല. അതുകൊണ്ട് ദയവായി പ്രശ്നപരിഹാരമെന്തെങ്കിലും ഉണ്ടെങ്കില്‍ മുമ്പോട്ട് വയ്ക്കുക."
വായനക്കാരുടെ ഈവിധ അഭിപ്രായങ്ങളില്‍ കാമ്പില്ലെന്നു ഞങ്ങള്‍ കരുതുന്നില്ല. കാമ്പുണ്ട്. നല്ല കാമ്പുണ്ട്.
അതുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസമായി അടിയന്‍ നോമ്പും പ്രാര്‍ത്ഥനയുമായി, ഹെന്നസ്സിയും നുകര്‍ന്നുകൊണ്ട് , കമ്പ്യൂട്ടറിന്റെ മുമ്പില്‍ ചടഞ്ഞിരുന്ന് ധ്യാനിച്ചു. പള്ളിയുടെ, സമൂഹത്തിന്റെ പ്രശ്നമാണല്ലോ. ഒരു പരിഹാരമാര്‍ഗം മനസ്സിലുദിപ്പിക്കണമേയെന്ന് മുട്ടിപ്പായി അപേക്ഷിച്ചു.
മൂവി തീര്‍ന്ന്, ബികിനി ഇട്ട പെണ്ണിന്റെ രൂപം സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്കൊരു വെളിപാടുണ്ടായി.
നമ്മുടെ പള്ളിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ദൈവം നേരിട്ടു അടിയനോട് വെളിപ്പെടുത്തിത്തന്നു. പറയാം.
എല്ലാവര്‍ക്കുമറിയാമല്ലോ, നമ്മുടെ പള്ളിയിലെ പ്രശങ്ങള്‍ ചില്ലറയല്ല.
പള്ളിപണി കഴിഞ്ഞിട്ട് വര്ഷം ഒന്നാകുന്നു. കണക്കിതുവരെ പുറത്താക്കിയിട്ടില്ല. പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞു ഇത്രയും നാള്‍ അധികാരികള്‍ പിടിച്ചു നിന്നു. കഴിഞ്ഞയാഴ്ച പുറത്താക്കുമെന്ന് പറഞ്ഞിട്ട് അനക്കമൊന്നും കണ്ടില്ല. പൊതുജനം കഴുതയല്ലേ. മറന്നു പൊയ്ക്കോളും എന്നുകരുതിയാകാം. (അതെ, പൊതുജനം കഴുത തന്നെയാണ്.)
ഏതായാലും ഇരുപത്തി ഒമ്പതാം തീയതി വാര്ഷിക പൊതുയോഗം വരുന്നുണ്ട്. ദിവസം അടുക്കുന്തോറും ആന്റണി യച്ഛന്റെ ആധി കൂടുകയാണ്. ചില്ലറ ആധിയാണോ അദ്ദേഹത്തിന്? അല്ല, മില്ല്യനുകളുടെ ആധിയാണ്. കണക്കു കൂട്ട് തെറ്റിയാല്‍ ആശ്രമത്തിലേയ്ക്ക് തിരിച്ചുപോകേണ്ട ഗതികേട് വരും അദ്ദേഹത്തിന്.
കഴിഞ്ഞയാഴ്ച ജോണ്‍സ്റ്റിയച്ഛന്റെ ചവിട്ടുനാടകക്കുര്ബാന കഴിഞ്ഞു വീട്ടിലുവന്നപ്പോള്‍ എന്റെ ഭാര്യ ഇത്തമ്മ അമ്പരന്നു ചോദിക്കുകയാണ് "നമ്മുടെ പാവം ആന്റണിയച്ചന് ഇതെന്തു പറ്റി? നയനിലവന്റെ ഒറ്റ രാത്രികൊണ്ട് ബുഷിന്റെ തലമുടി നരച്ചപോലെയല്ലേ, കല്‍ക്കരിപോലെയിരുന്ന ആന്റണിയച്ചന്‍ വെളറി വെളുത്തു പോയത്!"
ഇത്തമ്മ മാത്രമല്ല, ഇതു പള്ളിമുഴുവാന്‍ മനുഷ്യര് കുശുകുശുക്കുന്ന കാര്യമാണ്. ഇക്കണക്കിനു പോയാല്‍ താമസംവിനാ വട്ടു പിടിച്ച് അദ്ദേഹത്തെ കുതിര വട്ടത്തെയ്ക്ക് കൊണ്ടുപോകേണ്ടി വരും!
അല്ലാ, എങ്ങനെ വട്ട് പിടിയ്ക്കാതിരിക്കും?
ഇപ്പോള്‍ അദ്ദേഹം അഭിമുഖീകരിക്കുന്നത് ഒന്നു രണ്ടു വലിയ പ്രശ്നങ്ങളാണ്. ഒന്ന്: കയ്യിലിരുന്ന കാശുകൊടുത്ത് പള്ളി ഉണ്ടാക്കിയിട്ട് അതില്‍ കാല് കുത്താന്‍ ഇടമില്ല. രണ്ട്: പാര്‍ക്കിന്ഗ് ലോട്ടില്‍ കാറിടാന്‍ സ്ഥലമില്ല. ഇടം വലം തിരിയുമ്പോള്‍ പൊതുജനങ്ങളുടെ വായില്‍ നിന്നും പുളിച്ചത് കേള്‍ക്കേണ്ടിവരുന്നു.
ആന്റണിയച്ചന്‍ ഈ പതനത്തിലകാന്‍ കാരണമെന്താണ്?
പറയാം. അദ്ദേഹം പിശാശുക്കളുമായി ഉടമ്പടിയുണ്ടാക്കി. തന്റെ സ്വാര്‍ത്ഥ ലാഭത്തിനായി. പൊതുജനങ്ങള്‍ പറയുന്നത്, "പത്രൊസ് പാറമേല്‍ പള്ളി പണിതു, നമ്മള്‍ പൈസമേല്‍ പള്ളി പണിതു" എന്നാണ്. പൈസമേല്‍ പണിത പള്ളിയ്ക്ക് എങ്ങനെ നിലനില്‍പ്പുണ്ടാകും? ഇപ്പോള്‍ ആന്റണിയച്ചന് മനസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു.
അതോക്കെയവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ അദ്ദേഹം പരിഹാരം കാണേണ്ടത് പ്രധാനമായും രണ്ടു പ്രശ്നങ്ങള്‍ക്കാന്. ഒന്ന്: പള്ളിയിലിടമില്ല, ചീക്ക സൌണ്ട്, എക്കോ, പിളരുന്ന ബലിപിഠം, തകരുന്ന ഗ്രാനൈറ്റ്, ചിതറുന്ന ജനല്‍ ചില്ല്, പൊളിയുന്ന വാതില്‍, സമൂഹത്തില്‍ അനൈക്ക്യം, പാര്‍ക്കിംഗ് ലോട്ടില്‍ വണ്ടിയിടി, etc. etc.
രണ്ട്: കറമ്പരും മല്ലുകളും കൂടി കൈ വൈയ്ക്കും മുമ്പ് പാര്‍ക്കിങ്ങിന് ശാശ്വത പരിഹാരം കാണണം.
ഞാന്‍ മുമ്പോട്ട് വയ്ക്കുന്ന പ്രശ്നപരിഹാരം ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന് പറഞ്ഞ പോലെയാണ്. ഒറ്റയടിയ്ക്ക് അച്ഛന്റെ രണ്ട് തലവേദനകളും പുഷ്പം പോലെ തീരും.
നിങ്ങളെല്ലാം ആകാംക്ഷാഭരിതരായി കാത്തിരുന്ന, ഞാന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗം ഇതാണ്:
പുതിയ പള്ളി അടിച്ച് നിരത്തുക!
അതെ, ചിലര്‍ക്കത് വേദനാജനകമാണ്. പ്രത്യേകിച്ചും ഭിത്തിയില്‍ പേരുവച്ച കോര്‍ കമ്മിറ്റിക്കാര്‍ക്കും, മറ്റു അല്ലറ ചാല്ലറ നേതാക്കന്മാര്‍ക്കും. പക്ഷെ, പൊതുജന ക്ഷേമത്തിനായി നമ്മള്‍ ഇതു ചെയ്യേണ്ടിയിരിക്കുന്നു. പുതിയ പള്ളി പൊളിച്ചാല്‍ പാര്‍ക്കിന്ഗ് പ്രശ്നം തീരും. മുകളില്‍ പറഞ്ഞ മറ്റു പ്രശ്നങ്ങളും തീരും. നമുക്കു പഴയ പള്ളിയിലേയ്ക്ക് കുര്‍ബാന മാറ്റാം. പഴയപോലെ. അച്ചായാന്മാരോട് പന്ത് കളിക്കണമെങ്കില്‍ കാശ് മുടക്കി ഏതേലും ക്ലബ്ബില്‍ പോയി ചേരാന്‍ പറയുക. എന്നിട്ട് കാശുണ്ടെങ്കില്‍ സ്റ്റീല്‍ കസേരകള്‍ മേടിച്ചിടുക. അല്ലെങ്കില്‍ കേരളത്തിലെപ്പോലെ നമുക്ക് നിലത്തു മുട്ടുകുത്താം. എന്നിട്ട് നമുക്ക് ഒരുമയോടെ ദിവ്യബലിയില്‍ പങ്കു കൊള്ളാം. ജോണ്സ്റ്റിയച്ഛന്റെ ചവിട്ടുനാടക കുര്‍ബാനയും ഹോളി പൊളി, ജെസ്സി, ബെന്നി, ശാന്തി, അശാന്തി തുടങ്ങിയവരുടെ ഗാനാലാപവും. ഗോലിയാത്ത് മോനിച്ചനും, സക്കെവൂസ് ബെന്നിയും മൂക്കന്‍ ജോസും ഉള്‍പ്പെട്ട അത്യാരോച്ചകമായ ഓര്‍ക്കെസ്ട്ട്രായും. പിന്നെ കൂവാത്ത മൈക്കും! എന്തൊരു സ്വര്ഗീയാനുഭവമായിരിക്കും അത്! ഭക്തിയുടെ ഉത്തുംഗശ്രങ്കത്തിലെയ്ക്ക് മനുഷ്യമനസ്സിനെ ഉയര്‍ത്താന്‍ സംഗീതത്തിന് മാത്രമെ കഴിയൂ.
എന്നിട്ട്?
എന്നിട്ട് ഇല്ലാത്ത പുതിയ കത്തീദ്രല്‍ പള്ളിയ്ക്ക് നമുക്ക് മോര്‍ട്ട്ഗേജ് കൊടുക്കാം! ഇതു ലോകത്തിലെ ഏറ്റവും വലിയ ഒരു പുതുമയായിരിക്കും. പക്ഷെ ഇതു വഴി നമ്മുടെ വിശ്വാസത്തിന്റെ ആഴം ലോകമെമ്പാടും അറിയപ്പെടും! പുതുതായി പണിതിട്ട്, പൊളിച്ചു മാറ്റിയ, ഇല്ലാത്ത പുതിയ പള്ളിക്ക് മോര്‍ട്ട്ഗേജ് കൊടുക്കുക.
തമ്മില്‍ ഭേദം തൊമ്മന്‍! പൊതുജനങ്ങള്‍ ഇതിനോട് തീര്ച്ചയായും സഹകരിക്കും.
പത്തു മുപ്പത്തയ്യായിരം ഡോളര്‍ മോര്‍ട്ട് ഗേജ് കൊടുത്തിട്ട് ഇരിയ്ക്കനിടവുമില്ല, വണ്ടിയിടാന്‍ സ്ഥലവുമില്ല എന്നതിനേക്കാള്‍ എത്രയോ ഭേദം, പൈസ ഇത്രയും പോയാലും സമാധാനമായി ഇരുന്നു കുര്‍ബാനയില്‍ പങ്കു കൊള്ളാന്‍ സാധിക്കുക എന്നത് !
ഈ നിര്ദ്ദേശം അധികാരികള്‍ സഹര്‍ഷം കൈക്കോള്ളൂമെന്നാണ് പ്രതീക്ഷ. അല്ലാതെ ഗത്യന്തരമൊന്നുമില്ല താനും. അതുകൊണ്ട് വാച്ചായും മറ്റു അടുക്കള ഉപദേശകരും അധികാരികള്‍ക്ക് എന്റെ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട പ്രോത്സാഹനം നല്‍കുമെന്നാണ് പ്രതീക്ഷ.
P.S. ഇതു വായിച്ച എന്റെ ഭാര്യ, ഇത്തമ്മ: "എന്റെ മനുഷ്യാ, നിങ്ങളുടെ തലയ്ക്കെന്തു പറ്റി?"
ഞാന്‍: "അതെന്താടീ ഇത്തമ്മേ?"
ഇത്തമ്മ: "ഇത്രയും ഡോളര്‍ മുടക്കി തീര്ത്ത പള്ളി അടിച്ച് നിരത്താന്‍ പറയുന്ന നിങ്ങളുടെ തലയ്ക്കു വട്ടല്ലെങ്കില്‍ പിന്നെ എന്താ? ഈ ഉള്ള കള്ള് മുഴുവന്‍ മൂഞ്ചി നിങ്ങളുടെ ബ്രെയിന്‍ സെല്ലെല്ലാം നശിച്ചു. ഈ പിള്ളേരുടെ കാര്യമൊക്കെ ഒന്ന് കഴിഞ്ഞിട്ട് എവിടെ പോയി പണ്ടാരമടങ്ങിയാലും വേണ്ടില്ല. എന്റെ ദൈവമേ, ഞാനിനി എന്ത്ചെയ്യും? ഞാനന്നേ അപ്പച്ചനോട് പറഞ്ഞതാ, എനിക്കാ മുച്ചീട്ടുകളിക്കാരനെ തന്നെ മതിയെന്ന്. എന്റെയൊരു തലേവിധി!"
ഞാന്‍: "ഒന്നടങ്ങ് എന്റെ ഇത്തെ, മുത്തേ! സമൂഹത്തിന്റെ കാര്യമല്ലേ, കരളേ. എന്റെ കൊച്ചു മനസ്സില്‍ ദൈവം തോന്നിച്ച ആശയമാണ് ഇത്. ഇനി, ഇതിലും നല്ലോരാശയമുണ്ടെങ്കില്‍ നീയെന്നോട് പറ."
ഇത്തമ്മ: "എന്റെ മനുഷ്യാ. പള്ളിയേതായാലും പണിതു. എന്തൊക്കെയായാലും ബിഷപ്പും മറ്റും മുന്‍കയ്യെടുത്തു ചെയ്തതല്ലേ. ഇനി അത് പൊളിച്ചു കളയുന്നത് മണ്ടത്തരമല്ലേ. മാത്രമല്ല അത് പാവം ബിഷപ്പിനോടും ആന്റണി യച്ചനോടും ചെയ്യുന്ന അവഹേളനമല്ലെ. സഭാധികാരികളെ വേദനിപ്പിച്ചാല്‍ തീരാ ശാപം കിട്ടുമെന്ന് അച്ഛന്‍ എന്നും പ്രസംഗത്തില്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ല? അതുകൊണ്ട് വേറെ എന്തെങ്കിലും പോംവഴി കണ്ടുപിടിക്കണം. അതിന് ആദ്യം നിങ്ങളുടെ തലച്ചോറ് നേരെ വര്‍ക്കു ചെയ്യണം."
ഞാന്‍: "കര്‍ത്താവേ, തുടങ്ങി നീ വീണ്ടും! എന്നാല്‍ നീ വല്ല്യ സ്മാര്‍ട്ട് നുഴ്സല്ലേ. ഇതിനേക്കാള്‍ നല്ല ഒരു പരിഹാരമിങ്ങു പറഞ്ഞു തന്നെ."
ഇത്തമ്മ: "പരിഹാരമോ? പറയാം. പള്ളി പൊളിക്കേണ്ട ആവശ്യമില്ല. പക്ഷെ ആനവാതില്‍ പൊളിച്ചു മാറ്റണം."
ഞാന്‍: " അത് പ്രത്യേകം പൊളിക്കേണ്ട ആവശ്യമില്ല. തന്നെ പൊളിയുന്നുണ്ട് . എന്നിട്ട്?
ഇത്തമ്മ: എന്നിട്ട് ഇപ്പോള്‍ ഉള്ള സ്റ്റെപ്പുകള്‍ക്ക് പകരം കാറുകള്‍ ഓടിച്ചു കേറ്റത്തക്ക വിധത്തില്‍ മുകളിലോട്ട് ഒരു റാമ്പ് പണിയുക. അങ്ങനെ തന്നെ താഴോട്ടു ബസ്മെന്റിലെയ്ക്കും. അപ്പോള്‍ രണ്ട് നില പാര്‍ക്കിന്ഗ് ആയി."
ഞാന്‍: "എന്റെ ഇത്തേ , പൊന്നു സത്തേ! നീയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്തേനെ?. ഇങ്ങ് വന്നെ, വാ, ഇങ്ങടുത്ത് വാടീ ശ്രിങ്കാരി."
ഇത്തമ്മ: "ഒന്ന് പോ മനുഷ്യാ. ഈ വയസ്സുകാലത്ത്. പിള്ളേര് മുകളിലുണ്ട്. അല്ലേലും ഞാന്‍ പറഞ്ഞിട്ടില്ലേ എനിയ്ക്ക് കള്ളിന്റെ മണം ഇഷ്ടമല്ലെന്നു?"
ഞാന്‍: "അതിന് പരിഹാരമുണ്ട്. നീ ദേ, ഇതില്‍ നിന്നും രണ്ട് സിപ്പെടുത്തെ. പിന്നെ മണം അറിയില്ല."
ഞാന്‍ ഒരു ഫുള്‍ ഗ്ലാസ് ഇത്തമ്മയ്ക്ക് നേരെ നീട്ടി. അവള്‍ വാങ്ങി ഒറ്റ വലി. ഗ്ലാസ് കാലി.
അവള്‍ എന്നെ ബസ്മെന്റിലെയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.
6 comments:
dear writer, you live in the wrong country. you could have been a successful professional writer or novelist if you lived in kerala. i encourage you to write professionally. there are not too many people who has the gift to write like you do. please use this talent for the sake of good.
wish you all the best.
sarcasm kalakkunnundu
Ugran!!! I really liked this one. Keep it up.
I really love you!
to voice,
remember u talked about the african njandu? You never came out with an explanation. But that's alright. I can come out with an explation. The 'njandu'is walking around without no shell right now, hoping that the new shell will come. But I have news for you,new shell never come. Because the njandu was not african, but it was Indian. The shell never came out itself , but authorities pealed it out forcefully. So sad, njandu is in big pain, walking around with pain eventually it is going to die.
New church is a fact. It remains as a fact. Nobody cant do anything abt it. But the authorities has to reverse everything that they changed with the new church. Then things might get better. God bless our community. We have a great community. Otherwise lot of people will be in jail by now.
ഒരാളെങ്കിലും വായിച്ചു ഒരഭിപ്രായം പറഞ്ഞാല്‍ എഴുതുന്നവര്‍ക്ക് പ്രചോദനം കൂടും. കൂടുതല്‍ നല്ല സൃഷ്ടികള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാം. നമ്മള്‍ പലരും വായിച്ചിട്ട് പോകുന്നതല്ലാതെ അഭിപ്രായങ്ങള്‍ പറയാന്‍ മിനക്കെടാറില്ല. മറ്റേത് മാധ്യമത്തില്‍ നിന്നും വ്യത്യസ്ഥമായി എഴുത്തുകാരും വായനക്കാരും തമ്മില്‍ സംവദിക്കാന്‍ പറ്റുന്ന ഈ മാധ്യമത്തിന്‍റെ അഭിപ്രായ സൌകര്യം തന്നെയാണ് എല്ലാവരെയും എറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. അതുപോലെ ഒരു പോസ്റ്റ്, ഉദാഹരണത്തിന് പറഞ്ഞാല്‍ ചിന്തകളോ, സമകലികാമോ ആയ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോ അഭിപ്രായ സമന്വ്യതിലൂടെ മാത്രമേ അത് പൂര്‍ണമാകൂ.. അപ്പൊ പോസ്ടിനെക്കള്‍ നല്ല അഭിപ്രായങ്ങള്‍
നല്ലതെങ്കില്‍ അങ്ങനെ അല്ല ചീത്ത എങ്കില്‍ അങ്ങനെ നമുക്ക് പറയാം. പരസ്പരം കൂട്ടുകാര്‍ ആണെങ്കില്‍ ചീത്ത ആണെങ്കില്‍ പോലും നല്ലതെന്ന് പറഞ്ഞിട്ട പോകും. സൌഹൃദം നഷ്ടപ്പെട്ടാലോ എന്ന ഭയം. പക്ഷെ ഉത്തമ സുഹൃത്ത് എപ്പോഴും വഴികാട്ടിയാവണം. തെറ്റ് ചൂണ്ടിക്കാണിക്കുക തന്നെ വേണം.
Post a Comment