രണ്ടാഴ്ചയായി യാത്രയിലായിരുന്നു.
അങ്ങനെ ഫ്ലോറിഡയില്‍ ഒരുവിധം സ്വസ്ഥമായി കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുമ്പോള്‍ ദാ വരുന്നു ഇത്തമ്മയുടെ ഫോണ്‍ വിളി. അപ്രദീക്ഷിതമായി. കഴിഞ്ഞ ഞായറാഴ്ച.
എടുത്ത പാടെ അവള്‍ കാറി "എത്ര തവണ വിളിച്ചു, മനുഷ്യ! ഇതു എവിടെ പോയി കിടക്കുകയായിരുന്നു?"
പ്രത്യകം പറയേണ്ടല്ലോ. ആകെ വിരണ്ടു പോയി ഞാന്‍ .
"എന്തെ, എന്ത് പറ്റി ഇത്തമ്മ? കുഞ്ഞുങ്ങള്‍ക്കെന്തെങ്കിലും...?
"കുഞ്ഞുങ്ങള്‍ക്കൊരു കുന്തവുമില്ല. എല്ലാം നിങ്ങള്‍ക്കാ."
അവളുടെ പതിവു ചീറ്റല്‍.
"നീ ചുമ്മാ കാറാതെ കാര്യം പറ, ഇത്തമ്മേ. വെറുതെ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാതെ."
"കാര്യോ? പറയാം. ദേ, നമ്മുടെ പള്ളി സിമിത്തേരി വാങ്ങിച്ചിരിക്കുന്നു."
"അതിനെന്താ ഒരു കുഴപ്പം, എന്റെ ഇത്തൂ? പള്ളിയായാല്‍ ഒരു സിമിത്തേരി വേണ്ടേ"
"വേണം. അതാ ഞാന്‍ സമയം പാഴാക്കാതെ വിളിച്ചത്. പ്ലോട്ട് വേണ്ടവര്‍ ഉടനെ വിളിച്ചു ബുക്ക് ചെയ്യണം. അങ്ങനാ അച്ഛന്‍ വിളിച്ചു പറഞ്ഞെ. കണ കുണ പറഞ്ഞിരുന്നാല്‍ നല്ല പ്ലോട്ടെല്ലാം ആണുങ്ങള് അടിച്ച് കൊണ്ടുപോം."
"അതിനിവിടെ ഇപ്പോള്‍ ഇവിടെ ആരാ ചാവാന്‍ കാത്തിരിക്കുന്നെ, ഇത്തെ? സാവധാനം പോരെ?"
"പോര. അതിനുള്ള സമയമില്ല. നമ്മുടെ പള്ളിയാണെന്നോര്‍ക്കണം."
" എന്ന് വച്ചാല്‍?" എനിക്ക് കാര്യം പിടി കിട്ടിയില്ല.
" എന്ന് വച്ചാലോ? പറയാം. അതിന് തലയ്ക്ക് വെളിവുണ്ടെങ്കിലല്ലേ പറഞ്ഞിട്ട് വിശേഷമുള്ളൂ."
"ഒന്നു പറഞ്ഞു മുടിയ്ക്കെന്റെ, ഇത്തെ. ഇവിടെ ഊണ് കഴിയ്ക്കാന്‍ സമയമായി. ആനിയമ്മ വിളിക്കുന്നു."
"ഒന്നോര്‍ത്തു നോക്ക് മനുഷ്യ. നമ്മുടെ പുതിയ പള്ളിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഇരിക്കാന്‍ ആവശ്യത്തിന് ഇടമില്ല. വണ്ടിയിടാന്‍ ലോട്ടില്‍ സ്ഥലവുമില്ല. പിന്നെ ഈ ചത്തവരെ ഇടാന്‍ ആവശ്യത്തിനുള്ള ഇടമുണ്ടാകുമെന്നു നിങ്ങള് വിചാരിക്കുന്നുണ്ടോ?"
"അതൊരു നല്ല പോയിന്റാ. സമ്മദിച്ചു തന്നിരിക്കുന്നു." അവളെയൊന്നു പോക്കാന്‍ ഞാന്‍ പറഞ്ഞു.
"അങ്ങനെ എന്റെ മോന്‍ മര്യാദയ്ക്ക് വാ. അതുകൊണ്ടെ നമുക്കു ഇപ്പോള്‍ തന്നെ അഡ്വാന്‍സ് കൊടുക്കാം. ഒരു പത്തു കുഴി നമുക്കു വേണമെന്നു ഞാന്‍ അച്ഛനോട് സൂചിപ്പിച്ചു കഴിഞ്ഞു ."
"എന്റെ പോന്നുടയക്കാര! ഞാന്‍ പോയ നേരത്ത് നിനക്കു എന്താ പെണ്ണുംപിള്ളേ തലയ്ക്ക് വട്ടു പിടിച്ചോ? ഇതാരെ പിടിച്ചിടാനാ ഇത്തമ്മേ ഈ പത്തു കുഴി?"
"അതോ? പറയാം. നിങ്ങളീ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് എന്നും പറഞ്ഞിട്ട് നടന്നിട്ട് ഒരു നക്കാപ്പിച്ച ഇന്നുവരെ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ല. എന്നാലേ പത്തു പൈസ ഉണ്ടാക്കാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം. ഇന്നു പത്തു കുഴിക്കുള്ള അഡ്വാന്‍സ് കൊടുത്താല്‍ പിന്നീട് നൂറു കുഴിക്കുള്ള ലാഭം കിട്ടും. ഉറപ്പ്."
ഇത്തമ്മ പറഞ്ഞതില്‍ കാര്യമുണ്ടല്ലോ എന്നാലോചിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ തുടര്‍ന്നു:
"റിയല്‍ എസ്റ്റേറ്റ് ഫീല്‍ഡ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്ന് കരുതി മനുഷ്യന്‍ കാഞ്ഞു പോകാതിരിക്കുമോ? അതാ ഞാന്‍ പറഞ്ഞെ, ഇതൊരു നല്ല ഇന്‍വെസ്റ്റ്മെന്റ് ആണെന്ന്. എന്റെ ദൈവമേ! എന്റെ അപ്പച്ചന്‍ പണ്ടു പറഞ്ഞതു ഇന്നലേന്നു പറഞ്ഞ പോലെ ഞാന്‍ ഓര്‍ക്കുന്നു."
"നിന്റെ അപ്പച്ചന്‍ കള്ളു കുടിച്ചാല്‍ പിന്നെ പറയാത്തതെന്തെങ്കിലുമുണ്ടോ? കുറെ കല്ലു വച്ച തെറി ഞാനും കേട്ടിട്ടുണ്ട്. എന്നെയും പറഞ്ഞിട്ടുണ്ട് കുറെ തെറി . അതും എന്റെ ജോണി വാക്കര്‍ കുടിച്ചിട്ട്."
അത് കേള്‍ക്കാത്ത മട്ടില്‍ അവള്‍ പറഞ്ഞു:
"എന്റെ അപ്പച്ചന്‍ എപ്പോഴും പറയുമായിരുന്നു.
ആപത്തു കാലത്ത്
കാ പത്തു വച്ചാല്‍-
സമ്പത്ത് കാലത്ത്
തൈ പത്തു തിന്നാം."
"എടി മണ്ടീ, അങ്ങനെയല്ല. അത് നേരെ മറിച്ചാണ്. സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം"
"അതാ ഞാന്‍ പറഞ്ഞത്. കാ എപ്പോള്‍ വച്ചാലും മതി. പിന്നീട് തിന്നാം. ങാ, പിന്നെ നമ്മുടെ മോളമ്മ ഒരു കാര്യം പറഞ്ഞു. ആരോടും പറയരുതെന്നും പറഞ്ഞു പറഞ്ഞതാ."
" ഏത് മോളമ്മ?" അറിയാത്ത മട്ടില്‍ ഞാന്‍ ചോദിച്ചു. നമ്മുടെ മോളമ്മയെ അറിയാത്തവര്‍ ആരാ ഈ പള്ളിയിലുള്ളത്!
"നമ്മുടെ കൈക്കാരന്റെ മോളമ്മ. അതിയാന്‍ അവളോട് പറഞ്ഞതാണത്രെ. കുഴി വിറ്റ് പള്ളി നല്ല കാശുണ്ടാക്കും. ഇപ്പോള്‍ തന്നെ നല്ല ലാഭത്തിനാണ് പള്ളി ഈ സിമിത്തേരി പ്ലോട്ട് നമുക്കു മറിച്ച് വില്‍ക്കുന്നത്. പോരാത്തതിന് സാവധാനം പള്ളിയില്‍ പുതിയ നിയമം വരുമത്രേ. നമുക്കു തോന്നിയ സിമിത്തെരിയിലോന്നും പിന്നെ ശവം അടക്കാന്‍ പറ്റില്ല. അച്ഛന്‍ വന്നു വെള്ളം തെളിയ്ക്കണമെങ്കില്‍ സ്വന്തം സിമിത്തേരിയില്‍ തന്നെ അടക്കേണ്ടി വരും. അപ്പോള്‍ എല്ലാവരും ഇവിടെ തന്നെ പ്ലോട്ട് വാങ്ങാന്‍ നിര്‍ബന്ധിതരാകും. അപ്പോള്‍ കുഴിക്കു നല്ല പിടുത്തം വരും. റോക്കറ്റ് പോലെയായിരിക്കും അപ്പൊ കുഴിയുടെ വില പൊങ്ങുന്നത്. മോളമ്മയും പത്തുപതിനഞ്ച് കുഴിക്ക് അഡ്വാന്‍സ് കൊടുക്കുന്നുണ്ടത്രേ. വിറ്റ് തീരുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്‌താല്‍ നിങ്ങള്ക്ക് കൊള്ളാം. അത്ര തന്നെ "
"എന്തെ ഇത്തമ്മേ, ഈ കച്ചവടം എനിക്ക് വേണ്ട. നീ വേറെ വല്ല നല്ല കാര്യവും പറ." അക്ഷമനായി ഞാന്‍ പറഞ്ഞു.
"എന്റെ മനുഷ്യ, ഈ കണക്കിന് നിങ്ങളെങ്ങാന്‍ തട്ടിപ്പോയാല്‍ പുറമ്പോക്കില്‍ ഇടേണ്ടി വരും. എന്റെ ദൈവമേ, എനിക്കീ ഗതി വന്നല്ലോ! ഞാനും എന്റെ പിള്ളേരും ഇനി എന്ത് ചെയ്യും, കര്‍ത്താവേ...". ഇത്തമ്മ പതിവു പോലെ വെറുതെ മോങ്ങാന്‍ തുടങ്ങി.
"എന്നെ കുഴിയില്‍ അടക്കേണ്ട, പോരെ," അവളെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു. "എന്നെ ദഹിപ്പിച്ചാല്‍ മതി. ക്രിമേഷന്‍ . നമ്മുടെ നടേശനെപ്പോലെ. എന്താ അതിനൊരു കുഴപ്പം? പത്ത് മിനിട്ടിനകം കത്തിച്ചു ചാമ്പലാക്കി ഭരണിയിലാക്കി കയ്യില്‍ തരും."
"എന്റെ ഉടയക്കാരാ, ഞാനും അച്ഛനില്ലാത്ത ഈ പിഞ്ചു കുഞ്ഞുങ്ങളും ഇതെങ്ങനെ താങ്ങും? ഞങ്ങളിനി എങ്ങനെ ജീവിക്കും, കര്‍ത്താവേ? ഞാനന്നേ എന്റെ അപ്പച്ചനോട് പറഞ്ഞതാ എനിക്കാ മുച്ചീട്ടുകളിക്കാരനെ തന്നെ മതിയെന്ന്. എന്നാല്‍ ഇന്നെനിക്ക് ഈ ഗതി വരുമായിരുന്നോ? "
"എന്റെ ഇത്തമ്മേ. ഒന്നടങ്ങ്. ഇങ്ങനെ എണ്ണിപ്പെറുക്കാന്‍ ഇപ്പോള്‍ എന്തുണ്ടായി. ഞാനൊന്ന് ചത്തു കിട്ടിയിട്ട് പോരെ ഈ ബഹളം?" അവളെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു.
"ക്രിമേഷന്‍ വളരെ നല്ലതാണ്. ചിലവും കുറവ്. എല്ലാവര്‍ഷവും കല്ലറ സന്ദര്‍ശനം, ഒപ്പീസ്, ഇതൊന്നും വേണ്ടതാനും . നേരത്തെ പറഞ്ഞ പോലെ ചാരം ഭരണിയിലാക്കി കയ്യില്‍ തരും. വീട്ടില്‍ തന്നെ, നല്ല ഒരു സ്ഥലത്ത് സൂക്ഷിക്കുകയും ചെയ്യാം."
"അയ്യേ, വീട്ടില് സൂക്ഷിക്കുകയോ? അതേതായാലും വേണ്ട." പെട്ടെന്ന് കരച്ചില്‍ നിറുത്തി ഇത്തമ്മ പറഞ്ഞു.
"ങൂം? അതെന്താ, ഇത്തമ്മേ?" ഞാന്‍ ചോദിച്ചു.
"അതോ? എനിക്ക് പേടിയാകും"
"എന്റെ ചാരം കണ്ടാല്‍ പേടിയോ?" എനിക്ക് വിശ്വസിക്കാനായില്ല.
"ങൂം." കൊഞ്ചിക്കുഴഞ്ഞുകൊണ്ട് ഇത്തമ്മ മൊഴിഞ്ഞു. "അല്ലെങ്കിലും എനിക്കിപ്പോള്‍ എന്ത് കണ്ടാലും ഭയങ്കര പേടിയാ. പ്രായമാകുന്നതിന്റെ ലക്ഷണമായിരിക്കും. പണ്ടത്തെപ്പോലെ ഒരു സ്റ്റാമിനയുമില്ല " ഇത്തമ്മ പറഞ്ഞു.
ആ പറഞ്ഞതു സത്യമാണെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. പുറത്തു പറഞ്ഞില്ല.
"എന്നാലും ഇത്തമ്മേ," എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, " ജീവിച്ചിരിക്കുമ്പോള്‍ എന്നെ പട്ട്യോളം പേടിക്കാത്ത നീ ചത്തു ചാരമായ എന്നെ പേടിക്കുന്നു വെന്നോ? വിശ്വസിക്കാന്‍ പ്രയാസം."
2 comments:
looks like we have some more "yes-men" as kaikkaran/parish council members
Interesting Oath ceremony during the Mass on April 26th !!. Are we also changing the Syro Malabar Mass to include the "Oath Show" ??..
Post a Comment